കൊച്ചി : കൊച്ചി മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുളള പദ്ധതികള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്റ. മുൻ ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ ചൊവ്വാഴ്‌ചയാണ് കൊച്ചി മെട്രോയുടെ എം.ഡി.യായി ചുമതല ഏറ്റെടുത്തത്.
വിദ്യാർഥികളെയും മുതിർന്ന പൗരരെയും മെട്രോയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കും. അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യവും മെട്രോയിൽ ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. കൊവിഡിന് ശേഷം കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
'യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കും'
കഴിഞ്ഞ വർഷം ജനുവരിയില്‍ പ്രതിദിനം അറുപതിനായിരം പേര്‍ യാത്ര ചെയ്തിരുന്ന മെട്രോയില്‍ ഇപ്പോഴത്തെ യാത്രക്കാരുടെ എണ്ണം പന്ത്രണ്ടായിയിരം മുതല്‍ ഇരുപതിനായിരം വരെയാണ്. ഈ സാഹചര്യത്തില്‍ കൊച്ചി മെട്രോയെ പൊതുജനങ്ങളിലേക്ക് ആകര്‍ഷിച്ച് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയും വരുമാനം കൂട്ടുകയുമാണ് ആദ്യമായി ചെയ്യേണ്ടതെന്ന് ലോക്‌നാഥ് ബെഹ്റ ചൂണ്ടിക്കാട്ടി.
യാത്രക്കാരുടെ കുറവ് സംബന്ധിച്ച് പഠനം നടത്തും. ഇവരെ ആകര്‍ഷിക്കാന്‍ സമൂഹമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തും. ഇതിനായി സോഷ്യല്‍ മീഡിയ സെല്‍ ശക്തിപ്പെടുത്തും. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതടക്കമുളള കാര്യങ്ങള്‍ ആലോചനയിലുണ്ടെന്നും ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
'ഡൽഹിയിലെത്തി ചർച്ച നടത്തും'
കൊച്ചി നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്പനികള്‍, വ്യാപാരികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുതിയ യാത്രാപദ്ധതികള്‍ കൊണ്ടുവരും. കാക്കനാട് ഇൻഫോ സിറ്റിയിലേക്ക് മെട്രോ നീട്ടുന്നതിനുള്ള കേന്ദ്രാനുമതിക്കായി ശ്രമിച്ച് വരികയാണ്. അടുത്തയാഴ്‌ച ഡൽഹിയിലെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും.
കൊച്ചി നഗരത്തിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് യാത്ര ചെയ്യാനുള്ള മാർഗമായി കൂടി മെട്രോ മാറണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് ബെഹ്റ, കെ.എം.ആർ.എൽ ആസ്ഥാനാത്ത് മാധ്യമങ്ങളുമായി സംസാരിച്ചത്.