എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ പുനരാരംഭിച്ചു. നടി കാവ്യ മാധവന്‍റെ സഹോദരൻ മിഥുൻ, ഭാര്യ റിയ എന്നിവരുടെ സാക്ഷിവിസ്‌താരമാണ് ഇന്ന് നടക്കുന്നത്. ഇരുവരും കോടതിയിൽ ഹാജരായി. അടച്ചിട്ട കോടതി മുറിയിൽ രഹസ്യമായാണ് വിസ്‌താരം നടക്കുന്നത്. ഒന്നാം പ്രതി പൾസർ സുനി ഇരുവരുടെയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. എട്ടാം പ്രതി നടൻ ദിലീപിന്‍റെ ഭാര്യയുടെ ബന്ധുവിന്‍റെ കല്യാണത്തിൽ ഒന്നാം പ്രതിയായ പൾസർ സുനി പങ്കെടുത്ത സാഹചര്യത്തിലാണ് ഇരുവരെയും പ്രോസിക്യൂഷൻ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയത്.
മുടങ്ങി കിടന്ന വിചാരണ നടപടികൾ പത്ത് മാസത്തിന് ശേഷമാണ് ഇന്ന് പുനരാരംഭിച്ചത്. ഇന്നലെ വിസ്‌താരം നിശ്ചയിച്ചിരുന്നുവെങ്കിലും മാപ്പുസാക്ഷി വിപിൻലാലിനെ പൊലീസ് ഹാജരാക്കാത്തതിനെ തുടർന്ന് വിസ്‌താരം നടന്നിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നായിരുന്നു ആദ്യം കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലെ വിചാരണ നടപടികൾ മുടങ്ങിയത്. തുടർന്ന് നിയന്ത്രണങ്ങളോടെ കോടതി പ്രവർത്തനം തുടങ്ങിയെങ്കിലും വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സർക്കാരും ഹൈക്കോതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യം കോടതി തള്ളിയതോടെ വിചാരണ കോടതി പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രോസിക്യൂട്ടർ എ.സുരേശൻ രാജി വച്ചതോടെ വിചാരണ നടപടികൾ വീണ്ടും മുടങ്ങി. തുടർന്ന് അഡ്വ: വി.എൻ. അനിൽ കുമാറിനെ പുതിയ പ്രോസിക്യൂട്ടറായി നിയമിച്ചു. തുടർന്നാണ് വിചാരണ പുനരാരംഭിച്ചത്.
ഈ മാസം ഇരുപത്തിയെട്ടിന് നടി കാവ്യമാധവനെ കോടതി വിസ്‌തരിക്കും. 114 സാക്ഷികളെയാണ് വിചാരണയുടെ ഭാഗമായി ഇനി വിസ്‌തരിക്കുക. മാര്‍ച്ച് 17നകം വിസ്‌താരം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.