എറണാകുളം:നെടുമ്പാശ്ശേരി അത്താണിയിൽ ബാറിനു മുന്നിൽ കാറിലെത്തിയ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മേക്കാട് സ്വദേശിയായ വെള്ള എൽദോ എന്നറിയപ്പെടുന്ന എൽദോ ഏലിയാസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. പിടിയിലായവരെ 14 ദിവസത്തേക്ക് കളമശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. നേരത്തെ അറസ്റ്റിലായ അഖിൽ, നിഖിൽ, അരുൺ, ജസ്റ്റിൻ, ജിജീഷ് എന്നിവരെയും ഇന്നലെ പിടിയിലായ എൽദോയെയുമാണ് കോടതി റിമാൻഡ് ചെയ്തത്.
തുടർന്ന് പ്രതികളെ ആലുവ സബ് ജയിലിലേക്ക് മാറ്റി. വിനുവിൻ്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തിലെ ആറ് പേരാണ് പിടിയിലായത്. അതേസമയം കൃത്യത്തിൽ നേരിട്ട് പങ്കാളികളായ മുഖ്യപ്രതി വിനു ഉൾപ്പെടെയുളളവർ ഇപ്പോഴും ഒളിവിലാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക മൂലം കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് നടുറോഡിൽ ബിനോയിയെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ വിനു വിക്രമൻ, രണ്ടാം പ്രതിയായ ലാൽ കിച്ചു, മൂന്നാം പ്രതി ഗ്രിന്‍റേഷ് എന്നിവർക്കായി പൊലീസ് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം നേരത്തെ പുറത്തു വന്നിരുന്നു.