എറണാകുളം: എറണാകുളം ജില്ലയിൽ രണ്ട് സീറ്റ് വേണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. കഴിഞ്ഞ തവണ മത്സരിച്ച കോതമംഗലത്തിന് പുറമെ മുവാറ്റുപുഴ സീറ്റിലും കൂടി ജോസഫ് ഗ്രൂപ്പ് അവകാശം ഉന്നയിച്ചു. യുഡിഎഫിൽ ഇതിനായി സമ്മർദ്ദം ശക്തമാക്കാനാണ് ജോസഫ് ഗ്രൂപ്പിൻ്റെ നീക്കം.
എറണാകുളം ജില്ലയിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോതമംഗലം നൽകിയാൽ മതിയെന്നാണ് കോൺഗ്രസിലെ ഏകദേശ ധാരണ. എന്നാൽ കോതമംഗലത്തിന് പുറമെ മുവാറ്റുപുഴ സീറ്റ് കൂടി ലഭിച്ചാൽ ഫ്രാൻസിസ് ജോർജിനെയോ ജോണി നെല്ലൂരിനെയോ കളത്തിലിറക്കാനാണ് പാർട്ടി തീരുമാനം.
കോതമംഗലത്ത് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഷിബു തെക്കുംപുറത്തിനെ സ്ഥാനാർഥിയാക്കാനാണ് പാർട്ടി ആലോചിക്കുന്നത്. എന്നാൽ ഫ്രാൻസിസ് ജോർജ് ഇടുക്കിയിൽ മത്സരിക്കാനുള്ള സാധ്യതയും പാർട്ടി തള്ളിക്കളയുന്നില്ല. കോതമംഗലത്ത് മത്സരിക്കാൻ തയ്യാറാണെന്ന് പാർട്ടിയുടെ ജില്ലാ പ്രസിഡൻ്റ് കൂടിയായ ഷിബു തെക്കുംപുറം പറഞ്ഞു. സാമുദായിക വോട്ടുകളാണ് കോതമംഗലത്ത് സ്ഥാനാർഥിയുടെ വിജയം ഉറപ്പിക്കുന്നത്. ഇതിൽ 41 ശതമാനം ക്രിസ്ത്യന്‍ വോട്ടാണ് ഉള്ളത്. ഹിന്ദു വോട്ട് 36 ശതമാനവും മുസ്ലീം വോട്ട് 22 ശതമാനവും ബാക്കി ഒരു ശതമാനം മറ്റ് വിഭാഗങ്ങളുമാണ്. യാക്കോബായ പക്ഷത്തിനും കത്തോലിക്ക വിഭാഗത്തിനും തുല്യ ശക്തിയാണ് കോതമംഗലത്ത് ഉള്ളത്.
നിലവിലെ എംഎൽഎ ആന്‍റണി ജോൺ കത്തോലിക്ക വിഭാഗക്കാരണ്. ഷിബു തെക്കുംപുറം യാക്കോബായ സഭയില്‍ നിന്നുമാണ്. എൽഡിഎഫ് ഇത്തവണ കളത്തിലിറക്കുന്നത് നിലവിലെ എംഎൽഎ കൂടിയായ ആൻ്റണി ജോണിനെ തന്നെയായിരിക്കും. യുഡിഎഫിന് അനുകൂലമായ മണ്ഡലമാണ് കോതമംഗലമെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും 2020 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടായത്. ഏതായാലും ഇരു വിഭാഗത്തിന്‍റെയും വോട്ടുകൾ ഏകീകരിക്കാൻ കഴിയുന്ന സ്ഥാനാർഥിക്ക് മാത്രമാണ് വിജയനാധ്യത ഉള്ളത്.