കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. സ്വപ്‌ന സുരേഷിന് ഫ്ലാറ്റെടുത്ത് നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്ന് അരുൺ ബാലചന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ താൻ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്‌തത്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അരുൺ ബാലചന്ദ്രൻ വ്യക്തിപരമായ അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ഹാജരാകാൻ കസ്റ്റംസ് സംഘം ആവശ്യപ്പെട്ടത്. സ്വർണക്കടത്ത് കേസ് പ്രതികളെ അരുൺ സഹായിച്ചിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ഗൂഢാലോചനയ്‌ക്കായി ഒത്തുചേർന്ന ഫ്ലാറ്റ് സ്വപ്‌നയ്‌ക്ക് വാടകയ്‌ക്ക് എടുത്ത് നല്‍കിയത് അരുൺ ബാലചന്ദ്രനായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ് ഫ്ലാറ്റെടുത്ത് നല്‍കിയതെന്ന് അരുൺ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളും കസ്റ്റംസിന് ലഭിച്ചു. തുടർന്നാണ് അരുൺ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് കസ്റ്റംസ് പ്രവേശിച്ചത്.
അതേസമയം പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്‍റെ തീരുമാനം. മാധ്യമപ്രവർത്തകൻ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തിരുന്നു. വരും ദിവസങ്ങളില്‍ രാഷ്‌ട്രീയക്കാർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.