എറണാകുളം : പ്ലാസ്റ്റിക് ബോട്ടിലുകൾ റീസൈക്കിൾ ചെയ്‌ത് നിർമിക്കുന്ന തുണിയിൽ ചിത്രങ്ങൾ വരച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായ അവബോധം സൃഷ്‌ടിക്കുകയാണ് പത്താം ക്ലാസുകാരിയായ വന്ദന ശ്രീനിവാസ്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിങ്ങൾ കത്തിയമർന്നതിനെ തുടർന്ന് കൊച്ചിയിലെ ജനങ്ങൾ നേരിട്ട പ്രതിസന്ധിയാണ് വന്ദനയെ എൻവയോൺമെന്‍റ് ആർട്ട് എന്ന കാഴ്‌ചപ്പാടിലേക്ക് നയിച്ചത്. പ്ലാസ്റ്റിക് ബോട്ടിലുകൾ സംസ്‌കരിച്ച് നിർമ്മിക്കുന്ന തുണിയിൽ നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് കൊച്ചി ഭവൻസ് വിദ്യാലയത്തിലെ പത്താം ക്ലാസുകാരിയായ വന്ദന ഇതിനകം വരച്ചെടുത്തത്.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ചിത്രം വരച്ച് അയച്ചു നൽകിയിരുന്നു. ഇതിന് രാഷ്ട്രപതി ഭവന്‍റെ അനുമോദനവും ഈ മിടുക്കിയെ തേടിയെത്തി. തനിക്ക് കിട്ടിയ അമൂല്യമായ അംഗീകാരമായാണ് വന്ദന ഇതിനെ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രത്തൻ ടാറ്റ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, എം എ യൂസഫലി, കായിക താരം പി വി സിന്ധു തുടങ്ങിയ നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്‌ത് നിർമിച്ച തുണിയിൽ ഇതിനകം വരച്ചെടുത്തത്.
കാലിഗ്രഫി പെൻ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. വരച്ച ചിത്രങ്ങളെല്ലാം സമ്മാനമായി നൽകുന്നതാണ് വന്ദനയുടെ രീതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ചിത്രം താമസിയാതെ അദ്ദേഹത്തിന് നേരിട്ട് സമ്മാനിക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായ തന്‍റെ പോരാട്ടം ചിത്രരചനയിലൂടെ തുടരനാണ് വന്ദനയുടെ തീരുമാനം.
വാട്ടർ കളർ ഉപയോഗിച്ച് വെള്ള പേപ്പറിൽ ഭാവനയിൽ വിരിയുന്നതെല്ലാം വരച്ചെടുക്കുന്നതയായിരുന്നു വന്ദനയുടെ രീതി. എന്നാൽ, ബ്രഹ്മപുരം തീപിടിത്തം തന്‍റെ പതിവ് ആവിഷ്‌കാര രീതിയെ തന്നെ മാറ്റിമറിക്കുകയായിരുന്നു. കോയമ്പത്തൂരിലെ ശ്രീരംഗ പോളിമേഴ്‌സ് എന്ന കമ്പനി പ്ലാസ്റ്റിക് ബോട്ടിലുകൾ റീ സൈക്കിൾ ചെയ്‌ത് തുണിയുണ്ടാക്കുന്നതിനെക്കുറിച്ച് അച്ഛൻ ശ്രീനിവാസിൽ നിന്നാണ് വന്ദനയറിഞ്ഞത്.
ദിനംപ്രതി പതിനഞ്ച് ലക്ഷം ബോട്ടിലുകളാണ് ഈ കമ്പനിയിൽ നിന്നും റീസൈക്കിൾ ചെയ്യുന്നതെന്ന് അറിഞ്ഞതോടെ ഇത് പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ ഒന്നാന്തരം പ്രവർത്തനമായി വന്ദനയ്‌ക്കി തോന്നി. ഇതോടെയാണ് പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന ആശയം നടപ്പിലാക്കാനുള്ള മാധ്യമമായി റീസൈക്കിൾ വഴി ലഭിക്കുന്ന തുണിയെ തെരെഞ്ഞെടുത്തത്. അച്ഛന്‍റെ കൂടി അഭിപ്രായം മാനിച്ചാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായ ബോധവൽക്കരണത്തിന് ഈ തുണിയിൽ ചിത്രരചന നടത്തുകയെന്ന ആശയം സ്വീകരിച്ചത്.
ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പ്ലാസ്റ്റിക്ക് റിസൈക്കിളിൽ നിന്ന് ലഭിക്കുന്ന തുണിയിൽ ആവിഷ്ക്കരിക്കുന്ന തന്‍റെ രീതി മറ്റുള്ളവരും തുടരണമെന്നാണ് ചിത്രകാരിയുടെ ആഗ്രഹം. ഇതോടെ വലിച്ചെറിയുന്ന ബോട്ടിലുകൾ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാതെ ചിത്രങ്ങളായി നമ്മുടെ വീടുകളിൽ തിരിച്ചെത്തട്ടെയെന്നാണ് വന്ദന ആഗ്രഹിക്കുന്നത്. പ്ലാസ്റ്റിക്ക് റീസൈക്കിൾ ചെയ്‌ത് ലഭിക്കുന്ന തുണി ഉപയോഗിച്ച് യൂണിഫോം തയ്‌പിച്ച് ഒരോ വിദ്യാർഥിയും പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെയുള്ള പ്രചാരകർ ആകട്ടെയെന്നും വന്ദന അഭിപ്രായപ്പെട്ടു.
രക്തദാനം, നേത്രദാനം തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവൽക്കരണ പരിപാടികളിൽ നേരത്തെ പങ്കാളിയായിട്ടുള്ള ഈ ചിത്രകാരി പ്ലാസ്റ്റിക്കിനെതിരായ തന്‍റെ പോരാട്ടം കൂടുതൽ സജീവമാക്കി മുന്നോട്ട് കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. വന്ദന ശ്രീനിവാസിന്‍റെ പ്രവർത്തനങ്ങൾക്ക് അച്ഛനും അമ്മയും മുത്തശ്ശിയും സഹോദരിയുമടങ്ങുന്ന കുടുംബം വലിയ പിന്തുണയാണ് നൽകുന്നത്. തമിഴ്‌നാട് മധുര സ്വദേശികളായ വന്ദനയുടെ കുടുംബം വർഷങ്ങളായി കൊച്ചിയിലാണ് താമസം.