കൊച്ചി: സിറോ മലബാർ സഭയുടെ അധ്യക്ഷൻ കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാർ സഭയുടെ അധ്യക്ഷ പദവിയിൽ നിന്നും 12 വർഷത്തിന് ശേഷമാണ് സ്ഥാന ത്യാഗം (Syro Malabar Catholic Church Archbishop Cardinal George Alencherry Resigned).ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരക്കലിന് പകരം ചുമതല നൽകും. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം - അങ്കമാലി അതിരൂപതയുടെ താത്കാലിക ചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റര്‍ സ്ഥാനവും ഒഴിഞ്ഞു. ബിഷപ് ബോസ്കോ പുത്തൂരിന് ചുമതല. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ് തെരഞ്ഞെടുക്കും. മാർപാപ്പയുടെ അനുമതിയോടെ വിരമിക്കുകയാണെന്ന് ആലഞ്ചേരി എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും വത്തിക്കാനെ അറിയിച്ചിരുന്നുവെന്നും ഇത് വത്തിക്കാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സ്ഥാനം ഒഴിയുന്നതെന്നും ആലഞ്ചേരി പറഞ്ഞു.
ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയില്‍ നടക്കുന്ന സിനഡ് തെരഞ്ഞെടുക്കും: സിറോ മലബാർ സഭയുടെ ആസ്ഥാന രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുകളും, കുർബാന ഏകീകരണവുമായ പ്രശ്നങ്ങളുമാണ് കർദിനാളിന്റെ രാജിയിലേക്ക് നയിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയിലെ മഹാഭൂരിപക്ഷം വൈദികരും, വിശ്വാസികളും കർദിനാളിനെതിരായ ശക്തമായ എതിർപ്പ് വർഷങ്ങളായി തുടരുകയായിരുന്നു. അതിരൂപതയുട ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസലിക്ക അടച്ചു പൂട്ടി ഒരു വർഷം പിന്നിടുകയാണ്. അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി നിയമിതനായ കർദിനാൾ അനുകൂലിയായ അപ്പസ്തോലിക്ക് മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രവർത്തനങ്ങൾ സഭയിലെ പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുകയായിരുന്നു. ഇതേ തുടർന്ന് വത്തിക്കാൻ പ്രശ്നത്തിൽ ഇടപെടുകയും ഇരുവരെയും മാറ്റി നിർത്താൻ തീരുമാനിച്ചതായാണ് സൂചന. എന്നാൽ അനാരോഗ്യത്തെ തുടർന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വിരമിച്ചുവെന്നാണ് സഭ ഔദ്യോഗികമായി അറിയിച്ചത്.മേജർ ആർച്ചുബിഷപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്നും വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കർദിനാൾ മാർ ആലഞ്ചേരി സമർപ്പിച്ച രാജി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. പൗരസ്ത്യ സഭാ നിയമം, കാനൻ 127 പ്രകാരം പുതിയ മേജർ ആർച്ചുബിഷപ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ കൂരിയമെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് സീറോമലബാർസഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുമെന്നും സഭാ വക്താവ് പറഞ്ഞു.