എറണാകുളം : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. ഈ മാസം ഏഴ് വരെയാണ് എറണാകുളം എ.സി.ജെ.എം കോടതി ഇയാളെ കസ്റ്റഡിയിൽ വിട്ടത്. വയനാട്ടിലെ ഭൂമി തട്ടിപ്പ് കേസിലാണ് നടപടി.
മോൻസണിൻ്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൺ ഇടപാടുകൾ നടത്തിയത്. ആര് വഴിയാണ് ഇടപാടുകൾ എന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനാൽ മോൻസണെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു.
കസ്റ്റഡി അപേക്ഷയെ എതിർത്ത പ്രതിഭാഗം ഏത് അക്കൗണ്ട് വഴിയാണ് ഇടപാടെന്ന് മോൻസൺ പണം നൽകിയവർക്കറിയാമെന്നും ഇടപാട് കണ്ടെത്താൻ ബാങ്ക് രേഖകൾ പരിശോധിച്ചാൽ മതിയെന്നും വിശദീകരിച്ചു. അതിന് കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
മോൻസണെ അഞ്ചുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും മൂന്ന് ദിവസം അനുവദിക്കുകയായിരുന്നു. സ്വകാര്യ ബാങ്കിന്‍റെ പേരിൽ കോടികളുടെ നിക്ഷേപമുണ്ടെന്ന വ്യാജ രേഖ നിർമിച്ച് പലരിൽ നിന്നായി കോടികൾ തട്ടിയ കേസിൽ കോടതി നേരത്തെ മോൻസണെ ആറുദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു.