എറണാകുളം: കേരള സർവകലാശാല വി.സി നിയമന നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളില്‍ നാമ നിര്‍ദേശം ചെയ്യാന്‍ സൈനറ്റിന് ഹൈക്കോടതിയുടെ ഉത്തരവ്. സെനറ്റ് അംഗങ്ങളിലൊരാളായ എസ്.ജയറാം നൽകിയ ഹർജിയിലാണ് ഉത്തരവ്.
സെനറ്റ് സെർച്ച് കമ്മിറ്റിയംഗത്തെ നാമനിർദേശം ചെയ്യുന്ന മുറയ്ക്ക് ചാൻസലറായ ഗവർണർ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണം. ആരെയും സെനറ്റ് നാമനിർദേശം ചെയ്‌തില്ലെങ്കിൽ ചാൻസലറായ ഗവർണർക്ക് ചട്ടപ്രകാരം മുന്നോട്ട് പോകാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ചാൻസലറുടെ വിജ്ഞാപനം പിൻവലിക്കണമെന്ന ആവശ്യത്തിന്മേലാണ് സെനറ്റ് ഉറച്ച് നിൽക്കുന്നത്.
സർവകലാശാലയ്ക്ക് പുതിയ വി.സിയെ വേണമെന്ന കാര്യം ആര്‍ക്കും ആവശ്യമില്ലാത്തതാണെന്ന് ഹർജി പരിഗണിക്കവെ കോടതി പറഞ്ഞു. വിദ്യാർഥികളുടെ ഭാഗത്ത് നിന്നാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ കോടതി വിസി നിയമന വിഷയത്തിൽ ഇത്തരമൊരു ഏറ്റുമുട്ടൽ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഓർമ്മിപ്പിച്ചു.
വി.സി വേണ്ടെന്നാണ് നിലപാടെങ്കിൽ തുറന്ന് പറയണമെന്നും സർവകലാശാലയോട് വിമർശന രൂപേണ വ്യക്തമാക്കിയ കോടതി വൈസ് ചാൻസലർ നിയമന നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിടുകയായിരുന്നു.
വി.സി നിയമനത്തിനായി രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച് നേരത്തെ ചാൻസലറായ ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു. എന്നാൽ ഗവർണറുടെ ഈ നടപടി പിൻവലിക്കാതെ സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യില്ലെന്ന സെനറ്റിന്‍റെ പിടിവാശിയിൽ വി.സി നിയമന നടപടികൾ വൈകുകയായിരുന്നു. അതിനിടെ സർവകലാശാല സെനറ്റിൽ നിന്നും ചാൻസലറായ ഗവർണർ പുറത്താക്കിയ സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ ഹൈക്കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.