എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായ മാപ്പു സാക്ഷി വിപിൻ ലാലിന് അറസ്റ്റ് വാറണ്ട്. കൊച്ചിയിലെ വിചാരണക്കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വിപിൻ ലാലിനെ അറസ്റ്റ് ചെയ്ത് വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാനും ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനാണ് കോടതി നിർദ്ദേശം നൽകിയത്.
വിപിൻ ലാലിനെ വിട്ടയച്ച ജയിൽ അധികൃതരുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. എന്നാൽ വിപിൻ ലാൽ ജയിൽ മോചിതനായ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പടെയുള്ളവർക്കെതിരെ നടപടി വേണമെന്ന എട്ടാം പ്രതി ദിലീപിന്‍റെ ആവശ്യം കോടതി തള്ളി. അതേസമയം കേസിൽ വിചാരണ പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി വിപിൻ ലാലിനെ വ്യാഴാഴ്ച വിസ്തരിക്കും.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ ക്രിമിനൽ നടപടി പ്രകാരം മാപ്പു സാക്ഷിയാക്കുമ്പോൾ വിചാരണ പൂർത്തിയാകും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാൽ മറ്റൊരു കേസിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് വിപിൻ ലാലിനെ ജയിൽ മോചിതനാക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിയ്യൂർ ജയിൽ സൂപ്രണ്ടിനെ നേരിട്ട് കോടതിയിൽ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചിരുന്നു. ജയിൽ സൂപ്രണ്ടിന്‍റെ നടപടിയിൽ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് വിപിൻ ലാലിനെ അറസ്റ്റ് ചെയ്ത് കോടതയിൽ ഹാജരാക്കാൻ വിചാരണ കോടതി ഉത്തരവിട്ടത്.