എറണാകുളം: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻ കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി നിർദേശപ്രകാരം പ്രതികൾ കോടതിയിൽ സമർപ്പിച്ച ഫോണുകളുടെ പരിശോധന സംബന്ധിച്ച് തീരുമാനം ഇന്ന് ഉണ്ടാകും. ദിലീപ് ഉപയോഗിച്ചിരുന്ന ഫോണുകളിലൊന്ന് ഹാജാരാക്കാത്തതില്‍ പ്രോസിക്യൂഷൻ ശക്തമായ വിമർശനമുന്നയിച്ചിരുന്നു.
വധ ഗൂഢാലോചന കേസിലും, നടിയെ ആക്രമിച്ച കേസിലും ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ സംബന്ധിച്ചടത്തോളം ഫോൺ സംബന്ധിച്ച കോടതി തീരുമാനം ഏറെ നിർണ്ണായകമാണ്. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ പ്രതിഭാഗം ശക്തമായി എതിർത്തിരുന്നു.
അറസ്റ്റ് പാടില്ലന്ന ഹൈക്കോടതി ഇടക്കാല ഉത്തരവ് നീക്കണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സഹകരിക്കുന്നില്ല. ഈയൊരു സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യത്തിനർഹതയില്ലന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.
ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലന്നായിരുന്നു ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ വാദം. അന്വേഷണ സംഘത്തിന് കൈമാറിയാൽ ഫോണുകളിൽ തിരിമറി നടത്തുമെന്ന് ഭയപ്പെടുന്നു. അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടുണ്ട്.
എന്നാൽ തന്നെ അറസ്റ്റ് ചെയ്യാൻ ഗൂഢാലോചന നടക്കുന്നു. ഈ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകുമെന്നുമാണ് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അന്വേഷണം തുടരുന്നതിൽ തടസ്സമില്ലന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്.
ALSO READ: കണ്ണൂർ വി.സി നിയമനം; മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജി ഇന്ന് ലോകായുക്ത പരിഗണിക്കും