എറണാകുളം: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഫോർട്ടുകൊച്ചി തുരുത്തി സ്വദേശി ഇകെ ഹാരിസ് (51) ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്തപ്രമേഹരോഗിയായിരുന്നു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ഇയാളുടെ ആരോഗ്യസ്ഥിതി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി. എറണാകുളത്ത് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന് കൊവിഡ് ബാധിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.
എറണാകുളം ജില്ലയിലെ കൊവിഡ് സമ്പർക്ക വ്യാപനം ആശങ്കയുണർത്തുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം സ്ഥിരീകരിച്ചവരിൽ എൺപത് ശത്മാനത്തിലധികം സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. രോഗബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും ഗണ്യമായി വർധിച്ചു. ജില്ലയിൽ ചെല്ലാനം, ആലുവ ക്ലസ്റ്ററുകളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. കൊച്ചി കോർപ്പറേഷനിൽ രണ്ട് ഡിവിഷനിൽ ഉൾപ്പടെ അഞ്ച് ഇടങ്ങളിൽ ഇന്ന് പുതുതായി ജില്ലാ ഭരണകൂടം കണ്ടെയിന്‍മെന്‍റ് സോണുകൾ പ്രഖ്യാപിച്ചു.