എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ (Karuvannur Bank Case) സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനെതിരെ കോൺഗ്രസ് നേതാവ് അനിൽ അക്കര വീണ്ടും രംഗത്ത് (Anil Akkara Against PK Biju). താൻ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പി കെ ബിജു നടത്തിയ പ്രസ്‌താവന കല്ലുവച്ച നുണയാണെന്ന് അനിൽ അക്കര ആരോപിച്ചു. ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെ ആയിരുന്നു കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.
സിപിഎം ജില്ല കമ്മിറ്റിയുടെ തീരുമാനങ്ങൾ എന്ന പേരിൽ ഒരു അച്ചടി രേഖയും അനിൽ അക്കര പുറത്തുവിട്ടു. കരുവന്നൂർ ബാങ്കിന്‍റെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കാൻ പി കെ ബിജുവിനെ ചുമതലപ്പെടുത്തി ജില്ലാ കമ്മിറ്റി തീരുമാനമെടുത്തതായി ഈ രേഖയിൽ നിന്നും വ്യക്തമാണ്. അനിൽ അക്കരയുടെ ആരോപണങ്ങൾ നിഷേധിച്ച് പി കെ ബിജു രംഗത്തെത്തിയതിന് പിന്നാലെയാണ് അനിൽ അക്കരയുടെ പ്രതികരണം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്താൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടില്ല എന്നായിരുന്നു പി കെ ബിജു വ്യക്തമാക്കിയത്.
അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ (Anil Akkara Facebook Post): 'കല്ലുവെച്ച നുണ പറയുന്നതാരാണ്? കരുവന്നൂർ ബാങ്കിലെ സിപിഎം കമ്മീഷൻ അംഗമായ പി കെ ബിജു പറയുന്നു അങ്ങനെ ഒരു കമ്മീഷൻ ഇല്ലെന്ന്. പാർട്ടിയാപ്പീസിൽ ഇരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽപ്പോലും കിട്ടും. കാലം മാറി ഇരുമ്പ് മറയ്‌ക്ക് തുരുമ്പായി ഓട്ടവീണു താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ ചോദിക്ക് താനാരാണെന്ന് അതാണ് ഇപ്പോൾ ഓർമ്മവരുന്നത്'- അനിൽ അക്കരെ ഫേസ്ബുക്കിൽ കുറിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എംപി, ആലത്തൂര്‍ എംപിയായിരുന്ന പി കെ ബിജുവാണെന്ന് അനില്‍ അക്കര നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കരുവന്നൂർ കേസിലെ ഒന്നാംപ്രതി പി സതീഷ് കുമാറും ബിജുവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നായിരുന്നു മറ്റൊരു ആരോപണം.
2014ല്‍ വടക്കാഞ്ചേരിയില്‍ പി കെ ബിജുവിന്‍റെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഓഫിസ് എടുത്ത് നല്‍കിയതും ചിലവുകള്‍ വഹിച്ചതും സതീഷാണെന്നും ഒന്നാം പ്രതിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ പി കെ ബിജുവിനെയാണ് നിയോഗിച്ചതെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ അനിലിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് പി കെ ബിജുവും രംഗത്തെത്തി.
ആരോപണങ്ങൾക്കെതിരെ പി കെ ബിജു: അനിൽ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും പി കെ ബിജു മറുപടി നൽകി. അനിൽ ആരോപിച്ചത് പോലെ അത്തരമൊരു അന്വേഷണ കമ്മീഷനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരുവന്നൂർ തട്ടിപ്പിലെ ഒരു പ്രതിയുമായും തനിക്ക് ബന്ധവുമില്ലെന്ന് പറഞ്ഞ പി കെ ബിജു വാട്‌സ്‌ആപ്പിലൂടെയും ഫോൺ വഴിയും പ്രതിയുമായി ബന്ധപ്പെട്ടിരുന്നു എന്ന ആക്ഷേപം പച്ചക്കള്ളമാണെന്നും വ്യക്തമാക്കി. തനിക്കെതിരെ തെളിവുണ്ടെങ്കിൽ അനിൽ മാധ്യമങ്ങൾക്ക് കൈമാറണമെന്നും സിപിഎം നേതാവ് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് രേഖകൾ പുറത്ത് വിട്ട് അനിൽ അക്കര ആരോപണം ആവർത്തിച്ചത്.