എറണാകുളം : ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പരമാവധി ശിക്ഷയുറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് നിയമസഭ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍. കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ പൊതു സമൂഹത്തെ ഞെട്ടിച്ച സംഭവമാണ് ആലുവയിൽ നടന്നത്. പിഞ്ചുകുട്ടിയെ കൊലപ്പെടുത്തിയത് അങ്ങേയറ്റം അപലപനീയമാണ്. സാക്ഷര കേരളത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണിതെന്നും ഷംസീര്‍ പറഞ്ഞു.
പ്രതി ഒരിക്കലും പുറത്തുവരാത്ത രീതിയിൽ വിചാരണ പൂർത്തിയാക്കാൻ സർക്കാർ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് രക്ഷിതാക്കളുടെ ആഗ്രഹം. ഇത് സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സ്‌പീക്കർ പറഞ്ഞു.
കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്‌ണന്‍, എം ബി രാജേഷ് എന്നിവര്‍ ചേര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവ് കൈമാറിയത്.
ജില്ല കലക്‌ടറുടെ അക്കൗണ്ടിലെത്തുന്ന തുക രണ്ടുദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്‍റ് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്.
അതേസമയം കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ സാഹചര്യ തെളിവുകളുണ്ടെങ്കിലും ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ഡമ്മി പരീക്ഷണം നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള പാനൽ റൂറൽ പൊലീസ് കൈമാറിയിരുന്നു. ആറ് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിയുടെ സ്വദേശമായ ബിഹാറിലേക്ക് പൊലീസ് സംഘം യാത്ര തിരിച്ചിട്ടുണ്ട്. പ്രതി അസ്‌ഫാക്ക് ആലം ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകിയതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കൈകഴുകുന്നത് കണ്ട സാക്ഷിയെ കണ്ടെത്താനായെന്നും മധ്യമേഖല ഡിഐജി എസ് ശ്രീനിവാസ് വ്യക്തമാക്കുകയുണ്ടായി.
ശാസ്‌ത്രീയമായ ചോദ്യം ചെയ്യലിൽ നിരവധി കാര്യങ്ങൾ പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതി കുട്ടിയെയും കൂട്ടി കുറ്റകൃത്യം നടത്താൻ പോകുന്നത് കണ്ട സാക്ഷികളെ ലഭിച്ചിരുന്നു. കുറ്റകൃത്യത്തിന് ശേഷം പ്രതി അസ്‌ഫാക് മടങ്ങി പോകുന്നത് കണ്ട സാക്ഷികളെയും കൊലയ്ക്ക് ശേഷം കൈകഴുകുന്നത് നേരിൽ കണ്ട സാക്ഷികളെയും ലഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് മോർട്ടം ചെയ്‌ത സർജനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും ഡിഐജി വ്യക്തമാക്കി.
തെളിവെടുപ്പിനിടെ സംഭവസ്ഥലത്ത് നിന്ന് കുട്ടിയുടെ ഒരു ചെരിപ്പും ധരിച്ച വസ്ത്രത്തിന്‍റെ ഭാഗവും കണ്ടത്തിയിട്ടുണ്ട്. പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. നിലവിൽ ഡൽഹിയിലാണ് പ്രതിക്ക് മറ്റൊരു കേസ് ഉള്ളത്. തെളിവെടുപ്പ് അന്വേഷണ പുരോഗതി അനുസരിച്ച് തുടരും. ഡൽഹിയിലെ കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതി അസ്‌ഫാക്ക് ആലത്തെ കുറ്റകൃത്യം നടന്ന ആലുവ മാർക്കറ്റിലെ പറമ്പിൽ എത്തിച്ചാണ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയത്. പ്രതി പത്താം തീയതി വരെ പൊലീസ് കസ്റ്റഡിയിലാണ്.