എറണാകുളം: കൊച്ചിയില്‍ തിമിംഗല ഛര്‍ദിയുമായി (ആംബര്‍ഗ്രിസ്) ലക്ഷദ്വീപ് സ്വദേശികളെ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. അബുമുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഉബൈദുള്ള, സിറാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഫോറസ്റ്റ് കേസ് രജിസ്റ്റർ ചെയ്തു. 1.4 കിലോ ആംബര്‍ഗ്രിസാണ് യുവാക്കളിൽ നിന്ന് പിടിച്ചെടുത്തത്. കോടികള്‍ വിലമതിക്കുന്നതാണ് ആംബര്‍ഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദി .
കൂടുതല്‍ വായനക്ക്: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ലക്ഷങ്ങളുടെ മരം കൊള്ള
ആംബര്‍ഗ്രിസ് വില്പനക്കായി വൈറ്റിലയിലെ സ്വകാര്യ ലോഡ്ജിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു ഫോറസ്റ്റ് പരിശോധന. കറുപ്പ് നിറത്തിലുള്ള ആംബര്‍ഗ്രിസ് ഒരു കിലോയും വെളുപ്പ് നിറത്തിലുള്ള നാനൂറ് ഗ്രാം ആംബര്‍ഗ്രിസുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കടല്‍തീരത്തു നിന്നും ലഭിച്ചതാണ് ഇവയെന്നാണ് ലക്ഷദ്വീപ് സ്വദേശികളായ യുവാക്കള്‍ വനംവകുപ്പുദ്യോഗസ്ഥർക്ക് മൊഴി നൽകിയത്.
എന്നാല്‍ ഇത്പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇവര്‍ക്ക് എവിടെനിന്നാണ് ഇത് ലഭിച്ചതെന്നും വില്പനയായിരുന്നോ ലക്ഷ്യം എന്നതടക്കം മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പെരുമ്പാവൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെജി അന്‍വര്‍ പറഞ്ഞു.നേരത്തെ തൃശ്ശൂരിൽ നിന്നും മൂന്നാറില്‍ നിന്നും ഇത്തരത്തില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസ് പിടികൂടിയിരുന്നു.