പെരിയാറിൽ യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, കൊലപാതകം നടന്നത് അഞ്ച് ദിവസം മുൻപാണെന്നാണ് ശാസ്ത്രീയ പരിശോധനാ ഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല.
യുവതിയെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ കൊണ്ടുവന്നു തളളിയതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. ഇതേ തുടർന്ന് ആലുവയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നിൽ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ആകാമെന്ന നിഗമനവും പൊലീസ് മുന്നോട്ട് വെക്കുന്നുണ്ട്.
എറണാകുളം ജില്ലയിലും മറ്റ് ജില്ലകളിലും ഇതുവരെ യുവതികളെ കാണാനില്ലെന്ന തരത്തിലുളള പരാതികൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 11 ന് വൈകിട്ടാണ് വിൻസിഷ്യൽ സെമിനാരിക്ക് സമീപത്തെ കുളിക്കടവിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.