കൊച്ചി: ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം കേരളത്തിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്ക് പുറപ്പെട്ടു. 1,148 യാത്രക്കാരാണ് ആദ്യ ട്രെയിനില്‍ യാത്ര തിരിച്ചത്. തൊഴിലാളികളുടെ മുൻഗണനാ പട്ടിക തയ്യാറാക്കി, ആരോഗ്യപരിശോധന പൂർത്തിയാക്കിയാണ് ആദ്യ ട്രെയിനില്‍ പോകേണ്ട യാത്രക്കാരെ ജില്ലാ ഭരണകൂടം തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ള പെരുമ്പാവൂരിൽ വെച്ചാണ് യാത്ര ചെയ്യേണ്ട തൊഴിലാളികളും കുടുംബങ്ങളും അടങ്ങുന്നവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. ഇതേ തുടര്‍ന്ന് പെരുമ്പാവൂരിൽ നിന്നും പ്രത്യേക കെഎസ്ആർടിസി ബസുകളിൽ തൊഴിലാളികളെ ആലുവ റെയിൽവെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
വിപുലമായ ഒരുക്കങ്ങളാണ് റെയിൽവെ സ്റ്റേഷനിലും അധികൃതർ നടത്തിയത്. രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം യാത്രക്കാർക്ക് നൽകി. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. വൈകിട്ട് ആറ് മണിക്ക് ട്രെയിന്‍ പുറപ്പെടുമെന്ന് അറിയിച്ചിരുന്നുവെങ്കിലും രാത്രി പത്ത് മണിയോടെയാണ് യാത്ര പുറപ്പെട്ടത്.
ജില്ലാ ഭരണകൂടത്തിനും കേരള സർക്കാരിനും നന്ദി അറിയിച്ചാണ് അതിഥി തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയത്. 24 കോച്ചുകളുള്ള ട്രെയിനിൽ എസി കമ്പാർട്ട്‌മെന്‍റ് ഒഴിവാക്കിയിരുന്നു. 34 മണിക്കൂർ എടുത്ത് 1,836 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്ത് നോൺ സ്റ്റോപ്പ് ട്രെയിൻ എത്തിചേരുക. ഞായറാഴ്‌ച രാവിലെ ഒഡീഷയിൽ എത്തിയ ശേഷം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും. അതിഥി തൊഴിലാളികളുമായി ശനിയാഴ്‌ച മുതൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും നോൺ സ്റ്റോപ്പ് ട്രെയിനുകൾ പുറപ്പെടും.