എറണാകുളം: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപെടുത്തിയ സംഭവത്തിൽ അടുത്ത മാസം നാലിന് വിചാരണ തുടങ്ങും (Aluva murder case trial begin on next month). എറണാകുളം പോക്സോ കോടതിയിൽ പ്രതി അസ്‌ഫാക്ക് ആലത്തെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. പോക്സോ നിയമത്തിലെയും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 376 എ വകുപ്പ് ചുമത്തിയതിൽ നിയമപരമായി കോടതി ചില സംശയങ്ങൾ ഉന്നയിക്കുകയും 376 (എ) വകുപ്പ് കോടതി ഒഴിവാക്കുകയും ചെയ്‌തു.
ബലാത്സംഗത്തിനിടയിലുള്ള കൊലപാതകം എന്ന വകുപ്പാണ് ഒഴിവാക്കിയത്. അതേസമയം 376 എം (ജെ) വകുപ്പ് പുതുതായി ചേർക്കുകയും ചെയ്‌തു. ബലാത്സംഗം ചെയ്‌ത് പരിക്കേൽപ്പിച്ച ശേഷം കൊല ചെയ്‌തതിനെതിരായ വകുപ്പാണ് ഇത്. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന വേളയിൽ പരിഭാഷകനെ ഏർപ്പെടുത്തണമെന്നും കോടതി നിർദേശ പ്രകാരം പരിഭാഷകനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിയായ അസ്‌ഫാക്ക് ആലത്തിനെതിരെ നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ബലാത്സംഗം, കൊലപാതകം, തട്ടികൊണ്ട് പോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ.
ശക്തമായ സാഹചര്യ തെളിവുകളുടെയും, സൈന്‍റിഫിക്ക്, സൈബർ ഫോറൻസിക്ക് തെളിവുകളുടെയും, ഡോക്‌ടർമാരുടെ റിപ്പോർട്ടിന്‍റെയും, മെഡിക്കൽ രേഖകളുടേയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് നേരത്തെ സമർപ്പിച്ചത്. അറുനൂറ്റി നാൽപത്തിയഞ്ച് പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് ഉളളത്. ചെരിപ്പ്, വസ്ത്രം ഉൾപ്പടെ മെറ്റീരിയൽ ഒബ്‌ജക്റ്റ്സും, നിർണ്ണായക ഡോക്യുമെന്‍റുകളും കുറ്റപത്രത്തിലുണ്ട്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബിഹാറിലും, ഡൽഹിയിലും പോയി. പ്രതിയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്. ക്രിമിനൽ പശ്ചാത്തലമുളള പ്രതിക് പരമാവധി ശിക്ഷ തന്നെയുറപ്പാക്കാൻ പഴുതടച്ചുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്.
പ്രതി അസ്‌ഫാക്കിന്‍റെ തിരിച്ചറിയൽ പരേഡിൽ മൂന്ന് സാക്ഷികൾ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. പ്രതി കുട്ടിയുമായി മാർക്കറ്റിലൂടെ നടന്നുപോവുന്നത് കാണുകയും എവിടേക്ക് പോകുന്നുവെന്ന് അന്വേഷിക്കുകയും ചെയ്‌ത മാർക്കറ്റിലെ തൊഴിലാളി താജുദ്ധീൻ, പ്രതി കുട്ടിയോടൊപ്പം യാത്ര ചെയ്‌ത ബസിലെ കണ്ടക്‌ടര്‍, സഹയാത്രക്കാരി എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളും, നാട്ടുകാരും കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അസ്‌ഫാക്ക് ആലം ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
കഴിഞ്ഞ ജൂലൈ 28 വെള്ളിയാഴ്‌ച വൈകുന്നേരമായിരുന്നു ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, അസ്‌ഫാക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മദ്യലഹരിയിൽ പിടികൂടിയത്.
കുട്ടിയുമായി പ്രതി ആലുവ മാർക്കറ്റിലൂടെ നടന്നുപോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ തൊഴിലാളി പൊലീസിനെ അറിയിച്ചു. ഇതോടെയാണ് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തി മാർക്കറ്റിലെ ആളൊഴിഞ്ഞ മാലിന്യം നിക്ഷേപിക്കുന്ന പറമ്പിൽ ഉപേക്ഷിച്ചതായി സമ്മതിക്കുകയുമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായും കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നും വ്യക്തമായിരുന്നു.
2018ൽ ഡൽഹിയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഗാസിപൂർ പൊലീസ് ഇയാളെ അറസ്റ്റുചെയ്‌തിരുന്നു. ഒരു മാസം ഡൽഹി ജയിലിൽ കഴിയുകയും ജാമ്യത്തിലിറങ്ങി മുങ്ങുകയുമായിരുന്നു. പ്രതിയുടെ വിരലടയാളം നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്‌ക്ക് (എൻസിആർബി) കൈമാറി നടത്തിയ പരിശോധനയിലാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് ബിഹാറിലും ഡൽഹിയിലും കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം നേരിട്ടെത്തി അന്വേഷണം നടത്തിയിരുന്നു.
ALSO READ: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു