എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലത്തെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം പോക്സോ കോടതിയാണ് ഓഗസ്റ്റ് 10 വരെ പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വിടണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതിയുടെ മേൽവിലാസം തെളിയിക്കുന്ന ആധാർ കാർഡ് ലഭിച്ചിട്ടുണ്ടെന്നും ഇത് ഒറിജിനൽ വിലാസത്തിലുള്ളത് ആണോയെന്ന് സ്ഥിരീകരിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കണം. പ്രതിയെ തിരിച്ചറിയാൻ കഴിയുന്ന നിരവധി സാക്ഷികളുണ്ട്. നിലവിൽ മൂന്ന് സാക്ഷികളാണ് തിരിച്ചറിയൽ പരേഡിൽ പങ്കെടുത്ത് പ്രതിയെ മനസിലാക്കിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു.
പ്രതി കേരളത്തിലെത്തിയത് ഏതെങ്കിലും ഏജന്‍റ് വഴിയാണോയെന്ന് കോടതി ചോദിച്ചു. നേരത്തെ പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയ്ക്ക് പകരമായി പുതിയ അപേക്ഷ സമർപ്പിക്കാൻ രാവിലെ കേസ് പരിഗണിച്ച വേളയിൽ കോടതി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് പുതിയ അപേക്ഷ പൊലീസ് സമർപ്പിച്ചിരുന്നു. തിരിച്ചറിയൽ പരേഡിന് മുന്‍പ് പ്രതിയുടെ മുഖം മറയ്‌ക്കാതിരുന്ന പൊലീസ് നടപടിയേയും കോടതി വിമർശിച്ചു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച വേളയിൽ ജനങ്ങൾ കയ്യേറ്റത്തിന് മുതിരുന്ന സാഹചര്യം വരെ ഉണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി.
'പ്രതി ക്രിമിനൽ പശ്ചാത്തലമുളളയാളാണെന്ന് പൊലീസ്': കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേരോ, ചിത്രമോ, തിരിച്ചറിയൽ സൂചനകളോ ദൃശ്യ, പത്ര, സമൂഹമാധ്യമങ്ങൾ വഴി പ്രദർശിപ്പിക്കുന്നതോ പ്രചരിപ്പിക്കുന്നതോ പോക്സോ വകുപ്പുകൾ പ്രകാരം കുറ്റകൃത്യമാണ്. പ്രസിദ്ധപ്പെടുത്തിയവ നീക്കം ചെയ്യേണ്ടതാണെന്നും പോക്സോ കോടതി നിർദേശിച്ചു. അതേസമയം, പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനായി ആലുവയിലേക്ക് കൊണ്ടുപോയി. ക്രിമിനൽ പശ്ചാത്തലമുളളയാളാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ആലുവ റൂറൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോക്സോ കേസിൽ പ്രതിയെന്ന വിവരം ലഭിച്ചത്.
2018ൽ ഡൽഹിയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഗാസിപൂർ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്‌തത്. ഒരു മാസം ഡൽഹി ജയിലിൽ കഴിയുകയും ജാമ്യത്തിലിറങ്ങി മുങ്ങുകയുമായിരുന്നു. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസിലാണ് അസ്‌ഫാക് ആലം പ്രതിയായതെന്നാണ് വിവരം. പ്രതിയുടെ വിരലടയാളം നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്‌ക്ക് (എൻസിആർബി) കൈമാറി നടത്തിയ പരിശോധനയിലാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം തിരിച്ചറിഞ്ഞതെന്നും ആലുവ റൂറൽ എസ്‌പി വിവേക് വ്യക്തമാക്കി.
പ്രതി അസ്‌ഫാക്കിന്‍റെ തിരിച്ചറിയൽ പരേഡിൽ മൂന്ന് സാക്ഷികൾ ഇയാളെ തിരിച്ചറിഞ്ഞു. പ്രതി കുട്ടിയുമായി മാർക്കറ്റിലൂടെ നടന്നുപോവുന്നത് കാണുകയും എവിടേക്ക് പോകുന്നുവെന്ന് അന്വേഷിക്കുകയും ചെയ്‌ത മാർക്കറ്റിലെ തൊഴിലാളി താജുദ്ധീൻ, പ്രതി കുട്ടിയോടൊപ്പം യാത്ര ചെയ്‌ത ബസിലെ കണ്ടക്‌ടര്‍, സഹയാത്രക്കാരി എന്നിവരെയാണ് തിരിച്ചറിയൽ പരേഡിനായി എത്തിച്ചത്. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലായിരുന്നു പരേഡ്'. കഴിഞ്ഞദിവസം അന്വേഷണ സംഘത്തിന്‍റെ ആവശ്യം പരിഗണിച്ച് കോടതി തിരിച്ചറിയൽ പരേഡിന് അനുമതി നൽകിയിരുന്നു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രതി മൊഴി നൽകിയതെങ്കിലും പൊലീസ് ഈ കാര്യത്തിലും വിശദമായ അന്വേഷണം നടത്തും.
പ്രതിയെ പിടികൂടിയത് മദ്യലഹരിയിലിരിക്കെ: കുട്ടിയുടെ മാതാപിതാക്കളും, നാട്ടുകാരും കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. പ്രതിയെ സംഭവം നടന്ന ആലുവ മാര്‍ക്കറ്റിലെ പറമ്പിലും, കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയ കടയിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകുന്നേരമായിരുന്നു ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, അസ്‌ഫാക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മദ്യലഹരിയിൽ പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ശനിയാഴ്‌ച രാവിലെയോടെയാണ് പ്രതി ചോദ്യം ചെയ്യലുമായി അല്‍പമെങ്കിലും സഹകരിക്കാൻ തയ്യാറായത്. ആദ്യഘട്ടത്തിൽ അന്വേഷണം വഴിതെറ്റിക്കാൻ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി മൊഴി നൽകിയിരുന്നു. ഇതിനിടെ കുട്ടിയുമായി പ്രതി ആലുവ മാർക്കറ്റിലൂടെ നടന്നുപോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ തൊഴിലാളി പൊലീസിനെ അറിയിച്ചു. ഇതോടെയാണ് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തി മാർക്കറ്റിലെ ആളൊഴിഞ്ഞ മാലിന്യം നിക്ഷേപിക്കുന്ന പറമ്പിന്‍റെ മൂലയിൽ ഉപേക്ഷിച്ചതായി സമ്മതിച്ചത്.
ALSO READ | അതിക്രൂര കൊലപാതകം; ആലുവയിൽ കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ്
ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായും കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നും വ്യക്തമായി. ഞായറാഴ്‌ച കുട്ടി പഠിച്ച തായിക്കാട്ടുകര എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം വൻ ജനാവലിയുടെ സാനിധ്യത്തിലായിരുന്നു മൃതദേഹം കീഴ്‌മാട് പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചത്.