കൊച്ചി: അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ആലുവയിലെ മൂന്ന് വയസുകാരന്‍ മരിച്ചു. ഇന്ന് രാവിലെ 9.05നാണ് മരണം സ്ഥിരീകരിച്ചത്. തലച്ചോറിനുണ്ടായ ആഘാതമാണ് മരണകാരണം. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചതാണ് സ്ഥിതി സങ്കീര്‍ണമാക്കിയത്. ഇന്ന് രാവിലെയാണ് കുഞ്ഞിന്‍റെ നില അതീവ ഗുരുതരാവസ്ഥയിലെത്തിയെന്ന് ആശുപത്രിയധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊടിയ വേദന അനുഭവിച്ചാണ് ആ കുരുന്ന് വിട വാങ്ങിയത്. കുട്ടിയെ അനുസരണ പഠിപ്പിക്കാനായാണ് പെറ്റമ്മ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നത്. ശരീരത്തില്‍ ചട്ടുകം പഴുപ്പിച്ച് വെക്കുകയും തലയില്‍ തടിക്കൊണ്ട് അടിക്കുകയും ചെയ്തിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ചയാണ് കുഞ്ഞിനെ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ എത്തിച്ചത്. മേശയുടെ പുറത്ത് നിന്നും വീണ് പരിക്കേറ്റു എന്നാണ് ആശുപത്രിയില്‍ ഇവര്‍ പറഞ്ഞത്. പക്ഷേ പരിക്കിന്‍റെ ഗുരുതരാവസ്ഥ കണ്ട് അധികൃതര്‍ രാജഗിരി ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. ഇതോടെ സംഭവം പുറംലോകം അറിഞ്ഞു. സര്‍ക്കാര്‍ ചികിത്സ സൗജന്യമാക്കി. വിദഗ്ധ ഡോക്ടര്‍മാരെ ആശുപത്രിയിലെത്തിച്ചു. പക്ഷേ എന്നിട്ടും ആ കുരുന്നിനെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞില്ല. മരുന്നുകളോട് പ്രതികരിക്കാതെ വേദകളുടെ ലോകത്ത് നിന്നും ആ കുഞ്ഞ് വിട വാങ്ങി.
കുട്ടിയ മര്‍ദ്ദിച്ച അമ്മയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവര്‍ ഇപ്പോള്‍ റിമാന്‍റിലാണ്. ആലുവയിലെ സ്വകാര്യ കോണ്‍ട്രാക്ടറുടെ കീഴില്‍ പണിയെടുക്കാന്‍ വേണ്ടി എത്തിയതാണ് കുഞ്ഞിന്‍റെ അച്ഛന്‍.