കൊച്ചി: മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിച്ച കേസിൽ ആൽഫ വെഞ്ചേഴ്സ് ഫ്ലാറ്റ് ഉടമ പോൾ രാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. പോൾ രാജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് കോടതിയിൽ കീഴടങ്ങിയത്. മരട് കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷക്കൊപ്പം പോൾ രാജിന്‍റെ ജാമ്യാപേക്ഷ നവംബർ എട്ടിന് വീണ്ടും പരിഗണിക്കും. നവംബര്‍ അഞ്ച് വരെ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
ഇതേ കേസുമായി ബന്ധപ്പെട്ട് ഹോളി ഫെയ്ത്ത് ഫ്ലാറ്റ് ഉടമ സാനി ഫ്രാൻസിസിനെ ക്രൈംബ്രാഞ്ച് അന്വേഷണം സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോൾ രാജിന് ക്രൈംബ്രാഞ്ച് നിർദേശം നൽകിയത്. ഇതിനെ തുടർന്ന് പോൾ രാജ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കാനാണ് കോടതി നിർദേശം നൽകിയത്.
നിലവിൽ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട കേസിൽ സാനി ഫ്രാൻസിസും പോൾ രാജും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതോടെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് പ്രതീക്ഷ. ഇതേ കേസുമായി ബന്ധപ്പെട്ട് ജെയിൻ കോറൽ കോവ് ഫ്ലാറ്റ് ഉടമ സന്ദീപ് മേത്തക്ക് മദ്രാസ് ഹൈക്കോടതി അന്തർ സംസ്ഥാന ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം മരട് മുൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി.കെ.രാജു, എം.ഭാസ്കരൻ എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.