എറണാകുളം - അങ്കമാലി അതിരൂപത വിവാദ ഭൂമിയിടപാടിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സഭ പ്രൊക്യൂറേറ്ററായിരുന്ന ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗ്ഗീസ് എന്നിവരടക്കം 24 പേർക്കെതിരെ കേസെടുക്കാനായിരുന്നു എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം.
എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിരൂപത ഭൂമി ഇടപാടിൽ ക്രമക്കേട് ചൂണ്ടി കാണിച്ച് സമർപ്പിച്ച സ്വകാര്യ ഹർജിയെ തുടർന്ന്, കർദ്ദിനാളിനെതിരെ കേസെടുക്കാൻ എറണാകുളം സി.ജെ.എം കോടതി ഉത്തരവിട്ടിരുന്നു. ഈ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരൻ നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്.