എറണാകുളം: എഐ കാമറ പദ്ധതിയില്‍ നിന്നും പിന്മാറിയ കാരണങ്ങള്‍ വിശദീകരിച്ച് ലൈറ്റ് മാസ്റ്റർ കമ്പനി ഹൈക്കോടതിയിൽ. തങ്ങൾ നിർദേശിച്ച കാമറയല്ല പദ്ധതിക്കായി വാങ്ങാൻ തീരുമാനിച്ചതെന്നും ഒരു പ്രത്യേക കമ്പനിയുടെ കാമറ വാങ്ങാൻ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ലൈറ്റ് മാസ്റ്റർ കോടതിയില്‍ പറഞ്ഞു. പദ്ധതിയിൽ പ്രസാഡിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കൺസോർഷ്യത്തിൽ സഹകരിച്ചുവെന്നും പിന്നീട് 75 ലക്ഷത്തോളം രൂപ മുടക്കിയതിന് ശേഷം പിന്മാറാനുമുണ്ടായ കാരണങ്ങൾ വ്യക്തമാക്കി കൊണ്ടാണ് ഉപകരാർ നേടിയ ലൈറ്റ് മാസ്റ്റർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
എഐ കാമറ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹർജിയിലാണ് സത്യവാങ്മൂലം. ഗുണമേന്മ കൂടിയ മനുഷ്യ ശേഷി ഉപയോഗം കുറഞ്ഞ കാമറ വാങ്ങാനായിരുന്നു ലൈറ്റ് മാസ്റ്റർ കമ്പനി നിർദേശിച്ചതെങ്കിലും അത് തള്ളപ്പെട്ടു. സംഭവത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് തങ്ങൾ കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങളോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും സത്യവാങ്മൂലത്തിൽ കമ്പനി പറഞ്ഞു. പദ്ധതിയിലെ ലാഭവിഹിതം 40 ശതമാനത്തില്‍ നിന്നും 32 ശതമാനമാക്കി കുറയ്‌ക്കുകയും ചെയ്‌തു.
ഇക്കാരണങ്ങള്‍ കൊണ്ടാണ് എഐ കാമറ പദ്ധതിയില്‍ നിന്നും കമ്പനി പിന്മാറിയതെന്നും കോടതിയില്‍ വ്യക്തമാക്കി. പദ്ധതിയിലേക്ക് നിക്ഷേപിച്ച 75 ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്നും ലൈറ്റ് മാസ്റ്റർ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. എഐ കാമറ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുമാണ് വിഡി സതീശനും രമേശ് ചെന്നിത്തലയും കോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി സമര്‍പ്പിച്ചത്. കേസ് ഓഗസ്റ്റ് 10ന് കോടതി വീണ്ടും പരിഗണിക്കും.
എഐ കാമറ വിവാദം: സംസ്ഥാനത്ത് സേഫ് കേരള പദ്ധതിയുടെ ഭാഗമായി 726 എഐ കാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തുടനീളം കാമറകളില്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് വന്‍ വിവാദങ്ങളുമായി പ്രതിപക്ഷം അടക്കമുള്ളവര്‍ രംഗത്തെത്തിയത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം ആരോപണവുമായി രംഗത്തെത്തിയത്.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിക്കെതിരെ ഒടുക്കം പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും കോടതിയെ സമീപിക്കുകയായിരുന്നു. കെല്‍ട്രോണുമായുള്ള പദ്ധതിയുടെ പ്രാരംഭ ഘട്ടം മുതലാണ് നടപടി ക്രമങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളും തലപൊക്കി തുടങ്ങിയത്. 15.22 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ പദ്ധതിക്ക് 232 കോടി രൂപ ചെലവായി എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
എഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളോ രേഖകളോ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം ഒടുവിലാണ് പ്രതിപക്ഷം നിയമ നടപടികളുമായി മുന്നോട്ട് നീങ്ങുന്നത്.
also read: 'ജീപ്പിൽ തോട്ടിയുമായി റോഡില്‍, കെഎസ്‌ഇബിക്ക് എഐ കാമറ ഷോക്ക്'; 20,500 രൂപയുടെ പിഴ നോട്ടിസും