എറണാകുളം: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി മോഹൻരാജ്. വധശിക്ഷ തന്നെ പ്രതി അസ്‌ഫാഖ് ആലത്തിന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരെ ചുമത്തിയ 5 കുറ്റകൃത്യങ്ങള്‍ പരമാവധി ശിക്ഷയായ വധശിക്ഷ കിട്ടാവുന്നവയാണ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള ചില റിപ്പോർട്ടുകളാണ് കോടതി ആവശ്യപ്പെട്ടത്. പ്രതിയ്‌ക്ക് മാനസാന്തരത്തിനുളള സാധ്യതയുണ്ടോയെന്ന റിപ്പോർട്ട് സംസ്ഥാനമാണ് ഫയൽ ചെയ്യേണ്ടത്. ജയിലിൽ നിന്നും ഒരു റിപ്പോർട്ട് സമർപ്പിക്കണം. പ്രബോഷൻ ഓഫിസറുടെ റിപ്പോർട്ടും സമർപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാദി ഭാഗം ഒരു റിപ്പോർട്ട് ഫയൽ ചെയ്യാൻ അവസരം ചോദിച്ചിട്ടുണ്ട്. പ്രതിക്ക് ലഭിക്കേണ്ട അവകാശങ്ങൾ വകവച്ച് കൊടുത്തു തന്നെയാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പ്രഖ്യാപിച്ചതെന്നും സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
അസ്‌ഫാഖ് ആലം കുറ്റക്കാരനെന്ന് കോടതി: കേരളത്തെ ഞെട്ടിച്ച ആലുവ കൊലക്കേസില്‍ ഇന്നാണ് (നവംബര്‍ 4) പ്രതി അസ്‌ഫാഖ് ആലത്തിനെതിരെ കോടതി വിധി പ്രഖ്യാപിച്ചത്. ഒറ്റ പ്രതിയുള്ള കേസില്‍ അസ്‌ഫാഖ് കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി വിധിച്ചു. പ്രതിക്കെതിരെ ചുമത്തിയ മുഴുവന്‍ വകുപ്പുകളും നിലനില്‍ക്കുമെന്നും പോക്‌സോ കോടതി ജഡ്‌ജ് കെ സോമന്‍ വ്യക്തമാക്കി.
പോക്‌സോ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധി പുറപ്പെടുവിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സമാനതകളില്ലാത്ത കുറ്റകൃത്യമാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാല്‍ സംഭവ സമയത്ത് അസ്‌ഫാഖ് മദ്യ ലഹരിയിലായിരുന്നുവെന്നും അതിനെ കുറിച്ച് ധാരണയില്ലെന്നുമാണ് പ്രതി നേരത്തെ വാദിച്ചത്. താനല്ല കുറ്റകൃത്യം ചെയ്‌തതെന്നും അസ്‌ഫാഖ് പറഞ്ഞിരുന്നു. എന്നാല്‍ പ്രതിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന സാഹചര്യ തെളിവുകള്‍ അടക്കം ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശാസ്‌ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കോടതി അംഗീകരിക്കുകയും ചെയ്‌തിരുന്നു.
അഞ്ചുവയസുകാരിയെ അസ്‌ഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്‍റെ നൂറാം ദിവസമാണ് ഇയാള്‍ കുറ്റക്കാരനാണന്ന് കോടതി വിധി പ്രഖ്യാപിച്ചത്. 36 ദിവസം കൊണ്ട് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്യാന്‍ സാധിച്ചു.