എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന് ആശ്വാസം. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വിചാരണ കോടതി തള്ളി. ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് മതിയായ തെളിവില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി.
എട്ടാം പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതി നേരത്തേ വിശദമായി വാദം കേട്ടിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് മതിയായ തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.
പല വഴികളിലൂടെയും സാക്ഷികളെ സ്വാധീനിച്ചു, ഫോണിലെ വിവരങ്ങളിൽ കൃത്രിമം നടത്താൻ പ്രതി ശ്രമിച്ചു തുടങ്ങിയ വാദങ്ങളും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് തെളിവായി ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്‌ദസന്ദേശമുള്ള പെൻഡ്രൈവിൻ്റെ ഫോറൻസിക് പരിശോധനാഫലവും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ നിലവിലുള്ള തെളിവുകള്‍ മതിയെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.
എന്നാൽ കേസില്‍ പുകമറ സൃഷ്‌ടിക്കാനാണ് പ്രോസിക്യൂഷന്‍റെ ശ്രമമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആരോപണം. ദിലീപിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ തിരക്കഥയാണ് കേസിന് ആധാരം. അദ്ദേഹത്തിന്‍റെ മൊഴി വിശ്വാസ യോഗ്യമല്ലെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രമേ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിക്കുകയുള്ളൂവെന്ന് വാദത്തിനിടെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. മുൻപും പ്രോസിക്യൂഷന്‍റെ ഇതേ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷൻ വീണ്ടും വിചാരണ കോടതിയെ സമീപിച്ചത്.
രണ്ടാം തവണയും പ്രോസിക്യൂഷന്‍റെ ആവശ്യം വിചാരണ കോടതി തള്ളുകയായിരുന്നു. എന്നാൽ വിചാരണ കോടതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം.