എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ്. നടിയുടെ ദൃശ്യം ദിലീപിന്‍റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ നീക്കം. ബുധനാഴ്ച രാവിലെ സാക്ഷിവിസ്‌താരത്തിനിടെ വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചു.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കാൻ സഹായകരമാകുന്നതാണ് പുറത്ത് വന്ന വിവരങ്ങൾ. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമെത്തിയതിനെ കുറിച്ച് അന്വേഷിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നത് ഉൾപ്പടെയുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.
ALSO READ: കളള ടാക്‌സി ഓടുന്നവരുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി
ക്രിമിനൽ നടപടി ചട്ടം 173(8) പ്രകാരം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്‍റെ നീക്കം. ഈ വിഷയത്തിൽ വിചാരണ കോടതിയുടെ തീരുമാനം കേസിൽ നിർണായകമാണ്. നടിയുടെ ദൃശ്യങ്ങൾ ദിലീപിന്‍റെ കയ്യിലുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.