എറണാകുളം: നടിയെ ആക്രമിച്ച സംഭവത്തില്‍ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ. സർക്കാർ നിലപാട് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ നിലപാടറിയിക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
മെമ്മറി കാർഡിലെ ഫയലുകൾ തുറന്ന് പരിശോധിച്ചാൽ കാർഡിന്‍റെ ഹാഷ് വാല്യൂ മാറുമെന്ന് സംസ്ഥാന ഫൊറൻസിക് ലാബ് അസിസ്റ്റന്‍റ് ഡയറക്‌ടർ കോടതിയെ അറിയിച്ചു. മെമ്മറി കാർഡ് പരിശോധിക്കുന്നത് അന്വേഷണം വൈകിപ്പിക്കാൻ വേണ്ടിയാണെന്ന് ദിലീപും വാദമുന്നയിച്ചിട്ടുണ്ട്. അതേ സമയം ഫൊറൻസിക് പരിശോധനയ്ക്ക് സമയപരിധി നിശ്ചയിക്കാമെന്ന് ഹൈക്കോടതി മറുപടി നൽകി.
ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ ഫൊറൻസിക് പരിശോധന വേണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.