എറണാകുളം : നടിയെ ആക്രമിച്ച കേസിൽ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന കാവ്യ മാധവന്‍റെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി. വീടൊഴികെയുള്ള സ്വതന്ത്രമായി ചോദ്യം ചെയ്യാൻ കഴിയുന്ന മറ്റൊരിടം പരിഗണിക്കാമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വീടൊഴികെയുള്ള മറ്റിടങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും സാക്ഷിയെന്ന പരിഗണന നൽകണമെന്നുമായിരുന്നു കാവ്യയുടെ ആവശ്യം.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നാളെ വീണ്ടും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും. നടിയെ ആക്രമിച്ച കേസിൽ ബുധനാഴ്ചയാണ് കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് കാവ്യ മാധവന് ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നത്. എന്നാൽ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്.
തുടരന്വേഷണത്തിന്‍റെ ഭാഗമായി ദിലീപിന്‍റയും സഹോദരീ ഭർത്താവ് സൂരജിന്‍റെയും ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത ശബ്ദ രേഖകളിലാണ് നടിയെ ആക്രമിച്ചകേസിൽ കാവ്യ മാധവന്‍റെ പങ്ക് സംബന്ധിച്ച് സംശയമുയർന്നത്. ഇതേ തുടർന്നാണ് കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
Also Read: നടിയെ ആക്രമിച്ച കേസ് : കാവ്യ മാധവന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല
നടൻ ദിലീപിൻ്റെ സഹോദരീ ഭർത്താവ് സുരാജും സുഹൃത്ത് ശരത്തുമായി നടത്തിയ ഫോൺ സംഭാഷണം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഈ സംഭാഷണത്തിലാണ് കാവ്യയുടെ പങ്ക് സംബന്ധിച്ച് സൂചന നൽകുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്നും കാവ്യയും സുഹൃത്തുക്കളും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഈ സംഭാഷണങ്ങളിലുണ്ട്.
അതിനാല്‍ തിരിച്ചുള്ള പണിയാണിതെന്നുമാണ് സുരാജ് വ്യക്തമാക്കുന്നത്. ദിലീപ് സുഹൃത്ത് ബൈജു ചെങ്ങമനാടുമായി നടത്തിയ ഫോൺ സംഭാഷണവും ചില സംശയങ്ങളുയർത്തുന്നുണ്ട്. ഈ ശിക്ഷ താൻ അനുഭവിക്കേണ്ടതല്ല വേറൊരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ സംരക്ഷിച്ച് കൊണ്ടുപോയി നമ്മൾ ശിക്ഷിക്കപ്പെട്ടുവെന്നാണ് ദിലീപിന്‍റേത് എന്ന് കരുതുന്ന ഫോൺ സംഭാഷണത്തിലുള്ളത്.
ഈ ശബ്‌ദരേഖകളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലും കാവ്യ മാധവനെ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.