എറണാകുളം : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടന്‍ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി.ഗോപിനാഥിന്‍റെ മുന്‍പാകെയാണ് പരിഗണനയ്ക്ക് വരുന്നത്.
ദിലീപിന്‍റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് വൈകിക്കുകയാണ് പുതിയ കേസിന്‍റെ ലക്ഷ്യമെന്നാണ് ഹർജിക്കാരുടെ വാദം.
അന്വേഷണ ഉദ്യോഗസ്ഥന്‍റെ വൈരാഗ്യം കാരണമാണ് ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്തതെന്നാണ് ഹർജിക്കാരുടെ ആരോപണം. കെട്ടിച്ചമച്ച കേസിൽ പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇത് തടയണമെന്നും പ്രതികൾ ആവശ്യപ്പെടുന്നു.
ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുകയും അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
വധ ഭീഷണി, ഗൂഢാലോചന ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നാം പ്രതിയായ ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, ഇവരുടെ സഹോദരീ ഭര്‍ത്താവ് സുരാജ്, അപ്പു, ബാബു ചെങ്ങമനാട്, കൂടാതെ കണ്ടാലറിയാവുന്ന ആള്‍ എന്നിങ്ങനെ അഞ്ചുപേരെക്കൂടി എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
അതേസമയം പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെയും മുഖ്യപ്രതി പള്‍സര്‍ സുനിയെയും ഉടന്‍ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു. തുടർന്ന് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. എന്നാൽ ഇത് നിയമപരമായി തടയുകയാണ് പ്രതികളുടെ ലക്ഷ്യം.