എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ജൂലൈ 15 വരെയാണ് സമയം നീട്ടിയത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
'വിശദമായ പരിശോധന ആവശ്യം': കോടതി ഉത്തരവ് പ്രകാരം ഒന്നര മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റേതാണ് ഉത്തരവ്. മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. നടിയെ ആക്രമിക്കുന്ന ദൃശ്യം അടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതിലടക്കം വിശദമായ പരിശോധന ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ഹർജി.
കൂടാതെ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകൾ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്നും ലഭിച്ചതായും ഇവയുൾപ്പെടെ ആയിരക്കണക്കിന് ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യൂഷന്‍റെ ആവശ്യങ്ങൾ പരിഗണിച്ചാണ് തുടരന്വേഷണത്തിന് കൂടുതൽ സമയം ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നൽകിയത്.
നടിയുടെ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് നീക്കം: ഹർജിയിന്മേലുള്ള വാദത്തിനിടെ സമയം നീട്ടി നൽകരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇതംഗീകരിച്ചില്ല. നീതിയുക്തമായ അന്വേഷണം വേണമെന്നതായിരുന്നു നടിയുടെ ആവശ്യം. ഇക്കഴിഞ്ഞ മെയ് 31നായിരുന്നു തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി നിശ്ചയിച്ച സമയപരിധി. എന്നാൽ, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കേസ് അവസാനിപ്പിക്കാനുള്ള നീക്കം ആരോപിച്ച് പരാതിക്കാരിയായ നടി രംഗത്ത് വന്നതോടെയാണ് ക്രൈംബ്രാഞ്ച് സമയം നീട്ടാനാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.