എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതി നിർദേശ പ്രകാരമാണ് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. നടി നേരിട്ടത് ക്രൂരമായ അക്രമമെന്ന് സിംഗിൾ ബഞ്ചിന്‍റെ ഭാഗത്തു നിന്നും പരാമർശമുണ്ടായി.
മുദ്രവച്ച കവറിൽ വിചാരണ കോടതി ഹൈക്കോടതിക്ക് കൈമാറിയ മൊഴിപ്പകർപ്പ് അടക്കം പരിശോധിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രൂരമായ അക്രമമാണ് ഉണ്ടായതെന്ന് നടിയുടെ മൊഴികളിൽ നിന്നും വ്യക്തമാണെന്നും കോടതി പറഞ്ഞു. ആറ് വർഷമായി വിചാരണ തീരാതെ ജയിലിൽ തുടരുകയാണെന്ന് പൾസർ സുനിയും കോടതിയിൽ വ്യക്തമാക്കി. അങ്ങനെയെങ്കിൽ ജാമ്യം അവകാശമായി മാറില്ലേയെന്നും കോടതി വാക്കാൽ ചോദ്യമുയർത്തി.
വിവിധ വിധിന്യായങ്ങൾ പ്രതിയുടെ അവകാശത്തെ അനുകൂലിക്കുന്നുണ്ടെന്നും കോടതി ഓർമിപ്പിച്ചു. എന്നാൽ, പ്രതിക്ക് ജാമ്യം നൽകരുതെന്നും വിചാരണ നടപടികൾ അന്തിമ ഘട്ടത്തിലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം വേണമെന്ന് വിചാരക്കോടതി നേരത്തെ ഹൈക്കോടതിയെ അറിയlച്ചിരുന്നു.
ക്വട്ടേഷൻ ഗുണ്ടാസംഘം നഗരമധ്യത്തിൽ വച്ച് നടിയെ ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് കേസ്. 2017 ഫെബ്രുവരി 17നായിരുന്നു സംഭവം.