എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നു. ആലുവയിലെ പത്മ സരോവരത്തിലാണ് നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ തേടി ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. എസ്.പി മോഹന ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് എത്തിയിരിക്കുന്നത്.
കോടതിയുടെ അനുമതിയോടെയാണ് പരിശോധനയെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന പേരിൽ ദിലീപിന്‍റെ പേരിൽ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌തിരുന്നു. ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം ജെ.എഫ്.സി.എം കോടതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്‍റെ നിർണായക നീക്കം.
രാവിലെ 11.45ഓടെയാണ് പൊലീസ് സംഘം ആലുവയിലെ വീട്ടിലെത്തിയത്. എന്നാൽ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് ഗേറ്റ് ചാടി കടന്നാണ് വീട്ട് മുറ്റത്തേക്ക് പ്രവേശിച്ചു. എന്നാൽ വീട് അടച്ചിട്ടതിനാൽ വീട്ടിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ദിലീപിന്‍റെ സഹോദരിയെത്തിയാണ് വീട് തുറന്ന് നൽകിയത്.
ദിലീപിൻ്റെ സഹോദരൻ അനൂപിൻ്റെ തോട്ടയ്ക്കാട്ടുക്കരയിലെ വീട്ടിലും ദിലീപിൻ്റെ സിനിമ നിർമാണ കമ്പനിയായ ഗ്രാൻ്റ് പ്രൊഡക്ഷൻസിലും ഇതോടൊപ്പം റെയ്‌ഡ് പുരോഗമിക്കുകയാണ്.
വെള്ളിയാഴ്‌ച ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക കൂടിയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണ കോടതിയും അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നു.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നതായും ക്രൈം ബ്രാഞ്ചിന് മൊഴി ലഭിച്ചിരുന്നു. വെള്ളിയാഴ്‌ച വരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നതിന് മുമ്പ് ലഭ്യമായ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.