എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്‍റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് വെള്ളിയാഴ്‌ച വരെ (ജൂലൈ 22) സമയം നീട്ടി നൽകി. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതിയുടേതാണ് ഉത്തരവ്. വെളളിയാഴ്‌ചക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിർദേശം.
നിലവിൽ, അന്തിമ റിപ്പോർട്ട് തയ്യാറാണെന്നും സമർപ്പിക്കാനായി തിങ്കളാഴ്‌ച വരെ സമയം നൽകണമെന്നും പ്രോസിക്യൂഷൻ വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത്രയധികം സമയം നീട്ടി നൽകാനാകില്ലെന്നായിരുന്നു കോടതിയുടെ മറുപടി. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ അവ ആരോക്കെ കണ്ടുവെന്ന കാര്യത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനെ അനുവദിക്കണമെന്ന് അതിജീവിതയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സമയപരിധി സംബന്ധിച്ച വിഷയം മാത്രമാണ് പരിഗണനയിൽ ഉള്ളതെന്നായിരുന്നു കോടതിയുടെ നിലപാട്.
ALSO READ| നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ കണ്ടവരെ കണ്ടെത്തണമെന്ന് വിചാരണ കോടതി
മുൻ ജയിൽ ഡി.ജി.പി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിലും കോടതി നേരത്തെ തന്നെ മറുപടി വ്യക്തമാക്കിയിരുന്നു. നിലവിലെ തുടരന്വേഷണവും ശ്രീലേഖയുടെ വെളിപ്പെടുത്തലും തമ്മിൽ ബന്ധമില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ നിലപാട്. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതപ്രകാരം ദ്യശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ ക്ലോൺഡ് കോപ്പിയും മിറർ ഇമേജും വിചാരണ കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു.