എറണാകുളം: നടൻ ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ പരാതിക്കാരി ഇ മെയിലിലൂടെ ഒത്തു തീർപ്പിന് തയ്യാറായെന്ന് നടന്‍റെ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതിയെ അറിയിച്ചു. ഒത്തുതീർപ്പ് സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന പരാതിക്കാരിയുടെ വാദം പച്ചക്കള്ളമാണെന്നും സൈബി കോടതിയിൽ വ്യക്തമാക്കി. പരാതിക്കാരിയുടെ ഓഡിയോ സന്ദേശം കൈവശമുണ്ടെന്നും സൈബി അറിയിച്ചിട്ടുണ്ട്.
വ്യാജ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന് പരാതിക്കാരി അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കേസിന്‍റെ തുടർ നടപടികൾക്കുള്ള സ്റ്റേ കോടതി നേരത്തെ നീക്കിയിരുന്നു. അഡ്വക്കേറ്റ് സൈബി ജോസാണ് ഉണ്ണി മുകുന്ദന് വേണ്ടി കോടതിയില്‍ ഹാജരായി നേരത്തെ സ്റ്റേ നേടിയെടുത്തത്. തെറ്റായ വിവരം നൽകി കോടതിയെ തെറ്റിധരിപ്പിച്ചത് ഗൗരവതരമെന്ന് ജസ്റ്റിസ് കെ. ബാബു പറഞ്ഞിരുന്നു.
വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ ഉണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസ് പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്ന് വ്യക്തമാക്കി സൈബി ജോസ് നൽകിയ രേഖ വ്യാജമെന്നായിരുന്നു പരാതിക്കാരിയുടെ അഭിഭാഷകന്‍റെ വാദം. താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് ഹൈക്കോടതി 2021ൽ കേസ് നടപടികൾക്ക് അനുവദിച്ച സ്റ്റേ നീക്കിയത്.
പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു
2021ല്‍ കേസിന്‍റെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നത്. 2017ൽ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് സിനിമ ചർച്ചകൾക്കെത്തിയ യുവതിയെ അപമാനിക്കുവാൻ ശ്രമിച്ചെന്നാണ് നടൻ ഉണ്ണി മുകുന്ദനെതിരായ കേസ്.