എറണാകുളം: സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന സാമ്പത്തിക ചൂഷണത്തിനെതിരെ വിമർശനവുമായി നടൻ ജയസൂര്യ. ചില ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരുടെ ദേഹം അവിടെയുള എല്ലാ മെഷീനുകളിലും കയറ്റി ഇറക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വീടിന്‍റെ ആധാരം പണയംവച്ച് മാത്രമേ അവിടെ നിന്ന് ഇറങ്ങാൻ കഴിയുകയുള്ളൂ. ഒരുപക്ഷേ, ഏറ്റവും കൂടുതൽ പ്രാർഥനകൾ നടക്കുന്നത് അമ്പലങ്ങളിലും പള്ളിയിലൊന്നുമല്ല, ആശുപത്രികളിലാണ്. ജനങ്ങളുടെ മനസ് മനസിലാക്കാൻ കഴിയുന്ന മേധാവിമാരുണ്ടെങ്കിൽ നല്ല ആശുപത്രികള്‍ ഉണ്ടാകും. പണം കെട്ടിവച്ചാൽ മാത്രമേ സർജറിയും മറ്റ് ചികിത്സയും ചെയ്യുകയുളളൂവെന്ന് പറയുന്ന ആശുപത്രികളാണ് ഇവിടെയുള്ളതെന്നും ജയസൂര്യ കുറ്റപ്പെടുത്തി.
'ഹൈബി, മറ്റുള്ളവര്‍ക്കായി സമയം കണ്ടെത്തുന്ന എംപി': ഹൈബി ഈഡൻ എംപി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന, കുട്ടികൾക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ബട്ടർഫ്ലൈസ് എന്ന പദ്ധതി എറണാകുളത്ത് ഇന്ന് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു നടന്‍. എംപി എന്ന പദം തലയിൽ കയറാത്തതുകൊണ്ടാണ് ഹൈബി ഈഡന് ഭൂമിയിൽ കാലുകുത്തി നിൽക്കാൻ കഴിയുന്നതെന്ന് ജയസൂര്യ പറഞ്ഞു. ഒരോരുത്തരും വളർന്ന് കൊണ്ടിരിക്കുമ്പോൾ അവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന അവസ്ഥയിലേക്ക് വരാറുണ്ട്. എന്നാൽ, മറ്റുള്ളവർക്ക് വേണ്ടി സമയം കണ്ടെത്തുന്ന എംപിയാണ് ഹൈബി.
അദ്ദേഹത്തിന്‍റെ രാഷ്ട്രീയം ഏതെന്നത് വിഷയമല്ല. പാർട്ടിയോടല്ല, ഹൈബിയെന്ന വ്യക്തിയോടാണ് ബഹുമാനം. നമ്മുടെ കൂട്ടുകാരോ, ബന്ധുക്കളോ ആശുപത്രിയില്‍ കിടക്കുമ്പോൾ എന്തെങ്കിലും പൈസ സഹായമായി അയച്ചുകൊടുത്തിട്ടുണ്ടാകും. യഥാസമയത്ത് സഹായവുമായി എത്തുന്നവരാണ് യഥാർഥ ദൈവമെന്ന് ഞാൻ വിശ്വസിക്കുന്നതായും ജയസൂര്യ പറഞ്ഞു. 17 വയസിൽ താഴെയുള്ള കുട്ടികളുടെ ശസ്ത്രക്രിയയ്‌ക്ക് സഹായം നൽകുന്ന ബട്ടർഫ്ലൈസ് പദ്ധതി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ഇവിടെ വച്ചാണ് പദ്ധതിയുടെ ഉദ്‌ഘാടനം ജയസൂര്യ നിര്‍വഹിച്ചത്.