എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് നടപടി. ഇന്ന് ഉച്ചയ്ക്ക് 1.45ന് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
അടുത്ത ബുധനാഴ്‌ചയായിരുന്നു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നത്. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്‌ചയിലേക്ക് മാറ്റിയത്. എന്നാൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍റെ നിർണായക നീക്കമെന്നാണ് സൂചന.
33 മണിക്കൂര്‍ ദിലീപ് അടക്കമുളള പ്രതികളെ ചോദ്യം ചെയ്‌തതിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രോസിക്യൂഷൻ വ്യാഴാഴ്‌ച തന്നെ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. നിർണായക തെളിവുകളും രേഖകളും ഉൾപ്പെടെ മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.
ഇത് കോടതിയെ ബോധിപ്പിക്കുന്നതിനാവശ്യമായ തെളിവുകളാണ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. കോടതിയിൽ സമർപ്പിച്ച രേഖകൾ ഉൾപ്പെടെ പരിശോധിച്ചായിരിക്കും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ ഒന്നാം പ്രതിയാക്കി വധ ഗൂഢാലോചന കേസ് റജിസ്റ്റർ ചെയ്‌തത്. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു, അപ്പു, കണ്ടാലറിയാവുന്ന ഒരാൾ ഉൾപ്പടെ ആറു പേരാണ് ഈ കേസിലെ പ്രതികൾ.