എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യമില്ല. സുനിയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി നിർദ്ദേശ പ്രകാരമായിരുന്നു പ്രതി ഹൈക്കോടതിയിൽ വീണ്ടും ജാമ്യ ഹർജി നൽകിയത്. നടിയുടെ മൊഴിപ്പകർപ്പടക്കം പരിശോധിച്ചു കൊണ്ടും പ്രോസിക്യൂഷൻ വാദം കണക്കിലെടുത്തുമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
നടിനേരിട്ടത് ക്രൂരമായ അക്രമമാണെന്ന് വാദത്തിനിടെ സിംഗിൾ ബഞ്ചിന്‍റെ ഭാഗത്തു നിന്നും പരാമർശമുണ്ടായിരുന്നു. മുദ്രവച്ച കവറിൽ വിചാരണ കോടതി ഹൈക്കോടതിക്ക് കൈമാറിയ മൊഴിപ്പകർപ്പ് അടക്കം പരിശോധിച്ചു കൊണ്ടായിരുന്നു കോടതി നിരീക്ഷണം. ക്രൂരമായ അക്രമമാണ് ഉണ്ടായതെന്ന് നടിയുടെ മൊഴികളിൽ നിന്നും വ്യക്തമാണെന്നും കോടതി പറഞ്ഞിരുന്നു.
ആറ് വർഷമായി വിചാരണ തീരാതെ ജയിലിൽ തുടരുകയാണെന്നായിരുന്നു പൾസർ സുനിയുടെ വാദം. എന്നാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും വിചാരണ നടപടികൾ അന്തിമ ഘട്ടത്തിലെന്നുമുള്ള സർക്കാർ വാദം കോടതി കണക്കിലെടുക്കുകയായിരുന്നു. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണക്കോടതി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ക്വട്ടേഷൻ ഗുണ്ടാ സംഘം നഗരമധ്യത്തിൽ വച്ച് നടിയെ ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് കേസ്. 2022 മാർച്ചിലും പൾസർ സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് ഹൈക്കോടതി സർക്കാരിനോട് തിരക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ സിംഗിൾ ബഞ്ച് ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശം നൽകുകയും ചെയ്‌തിരുന്നു.
വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയം ഈ വര്‍ഷം ജനുവരി 31ന് അവസാനിച്ചിരുന്നു. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പൾസർ സുനിയോട് പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുനി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്‌താരത്തിനായി നടി മഞ്ജു വാര്യര്‍ വിചാരണ കോടതിയില്‍ കഴിഞ്ഞ മാസം ഹാജരായിരുന്നു. ബാലചന്ദ്രകുമാർ ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൈമാറിയ ദിലീപിന്‍റെയും സഹോദരന്‍റെയും ഉൾപ്പടെയുള്ള ശബ്‌ദരേഖകളിലെ ശബ്‌ദം അവരുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയുന്ന സാക്ഷിയാണ് മഞ്ജു വാര്യർ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു സാക്ഷി വിസ്‌താരം. ഈ കേസിൽ നേരത്തെ മഞ്ജു വാര്യരെ വിസ്‌തരിച്ചിരുന്നു. എന്നാൽ, ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് തുടരന്വേഷണം നടത്തിയതിനാലാണ് മഞ്ജു വാര്യർ ഉൾപ്പെടെയുളള പ്രധാന സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്.
മഞ്ജു വാര്യരെ ചോദ്യം ചെയ്യരുത് എന്നാവശ്യപ്പെട്ട് എട്ടാം പ്രതിയും നടനുമായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളിയതോടെയാണ് മഞ്ജു വാര്യരെ വീണ്ടും വിസ്‌തരിക്കാൻ ഉത്തരവായത്. 2017 ഫെബ്രുവരി 17 നായിരുന്നു കേസിനാസ്‌പദമായ സംഭവം.