എറണാകുളം: ജില്ലയിൽ ഇരട്ടവോട്ട് തടയുന്നതിന് ഹൈക്കോടതി നിർദേശപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കലക്ടർ എസ്.സുഹാസ്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശങ്ങൾ പാലിക്കുന്നതിന് റിട്ടേണിങ് ഓഫീസർ, പ്രിസൈഡിങ് ഒഫീസർമാർ എന്നിവര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഫീൽഡ് വെരിഫിക്കേഷൻ നടത്തി തയ്യാറാക്കിയ എ.എസ്.ഡി ലിസ്റ്റ് രാഷ്ട്രീയ പാർട്ടികൾക് നൽകിയിട്ടുണ്ട്. ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുക്കുന്നതിന് ആപ്പ് നൽകിയിട്ടുണ്ട്. ഒരു ബൂത്തിൽ മാത്രമാണ് വോട്ട് ചെയ്തതെന്ന് സത്യവാങ്മൂലം എഴുതി വാങ്ങും.
27 ബൂത്തുകൾ പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. ഈ ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. സുരക്ഷ ചുമതലയ്ക്കായി കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട്. നല്ല രീതിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഇത്തവണ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുതന്നെ പോളിങ് സാമഗ്രികൾ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ ബൂത്തുകളിലെയും തയ്യാറെടുപ്പുകൾ വിലയിരുത്തിയെന്നും എസ്. സുഹാസ് അറിയിച്ചു.