എറണാകുളം: ജില്ലയിൽ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച എയർലൈൻ ഉദ്യോഗസ്ഥക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് ഉദ്യോഗസ്ഥ പുറത്ത് പോയിട്ടുള്ളത്. എന്നിട്ടും തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എയർലൈൻ ഉദ്യേഗസ്ഥയ്ക്ക് രോഗം സ്ഥിരികരിച്ചതോടെ കൊച്ചി കോർപ്പറേഷനിലെ തേവര പ്രദേശം കണ്ടയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് കൊവിഡ് രോഗി ഇറങ്ങി നടന്നുവെന്ന രീതിയിൽ വ്യാപകമായ പ്രചാരണം നടന്നത്. എന്നാൽ ഇവരുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ പേരെയും ക്വറന്‍റയിൻ ചെയ്തതായും ജില്ലാ ഭരണകൂടം അറിയിച്ചു.