എറണാകുളം: വിദ്വേഷ പ്രസംഗത്തിലെ പി.സി ജോർജിന്‍റെ അറസ്റ്റ് സ്വാഭാവിക നിയമനടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വൈരനിര്യാതന ബുദ്ധി കാണിച്ചിട്ടില്ല. പി സി ജോർജിൻ്റെ അറസ്റ്റ് കോടതി നിർദേശ പ്രകാരമാണ്.
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് പി.സി ജോർജിൻ്റെ ഭാഗത്തു നിന്നുണ്ടായത്. ആലപ്പുഴയിൽ കുട്ടിയെ മുദ്രാവാക്യം പറഞ്ഞ് പഠിപ്പിച്ചവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വിഷയത്തിൽ സാധ്യമായ നടപടികൾ പൊലീസ് സ്വീകരിക്കും.
വർഗീയ കലാപമില്ലാത്ത സംസ്ഥാനമായി കേരളം നിലനിൽക്കുന്നത് ഇത്തരം നടപടി ഉണ്ടാകുന്നതു കൊണ്ടാണെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. വർഗീയ കക്ഷികളുമായി യോജിച്ച് പോകുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിൻ്റെ പിന്തുണ ലഭിച്ചതോടെ സോളിഡാരിറ്റിയുടെയും എസ്‌ഡിപിയുടെയും ആക്രമണോത്സുകത വർധിച്ചു.
വർഗീയ കക്ഷികളുടെ വോട്ട് വേണ്ട എന്ന് പറയാനുള്ള ധൈര്യം യുഡിഎഫ് കാണിക്കുന്നില്ല. വർഗീയ കക്ഷികളെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. കേരളത്തിൻ്റെ ശക്തമായ മത നിരപേക്ഷ അടിത്തറ തകർക്കാൻ ശ്രമം നടക്കുന്നുണ്ടന്നും കോടിയേരി പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയുടേതെന്ന പേരിൽ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ
സൈബർസെൽ സമഗ്രമായ അന്വേഷണം നടത്തണം. അതിജീവിതക്ക് പരാതി ഉണ്ടെങ്കിൽ സര്‍ക്കാര്‍ ഇടപെടും. അതിജീവിതയെ സംശയത്തിന്‍റെ നിഴലിൽ നിർത്തിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.