എറണാകുളം : നീതിമാന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രമുഖ ബിജെപി സ്ഥാനാർഥികൾ കൊടകര കുഴൽപ്പണ ഇടപാടില്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ബിജെപി നേതാക്കൾക്ക് പങ്കാളിത്തമുള്ളതാണ് കുഴൽപ്പണ ഇടപാടെന്ന് അർധ ശങ്കയ്ക്കിടയില്ലാത്ത വിധം തെളിയിക്കപ്പെട്ടിരിക്കുന്നു.
പുറത്തുവരുന്ന വിവരങ്ങൾ ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ബിജെപി പറഞ്ഞതെല്ലാം കപട സത്യങ്ങളാണ്. പൊതു സമൂഹത്തെ അഭിമുഖീകരിക്കാനാവാത്ത അവസ്ഥയിലാണ് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മുഖം നഷ്ടപ്പെട്ടതിന്‍റെ ജാള്യം മറക്കാനാണ് ബിജെപിയുടെ ഇന്നത്തെ പ്രതിഷേധ പരിപാടിയെന്നും എ.വിജയരാഘവൻ ആരോപിച്ചു.
Read Also........ സുന്ദരയ്ക്ക് കോഴ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കള്ളപ്പണം കിട്ടിയോ ഇല്ലയോ എന്ന് ബിജെപി സ്ഥാനാർഥികൾ പറയണം. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തവയാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങളെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. അവർ ഇതുവരെ പറഞ്ഞതെല്ലാം വ്യാജമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയുമാണ്.
ശരിയായ ദിശയിൽ അന്വേഷണം നടന്നപ്പോഴാണ് കാര്യങ്ങൾ പുറത്തുവന്നത്. പരാതിക്കാർ തന്നെ പ്രതിയായ സാഹചര്യമാണ് ഇവിടെ ഉണ്ടായത്. കേരളത്തിൽ ഇതുവരെ കേൾക്കാത്ത രീതിയിലുള്ള കള്ളപ്പണ ഇടപാടാണ് നടന്നിരിക്കുന്നത്.
സത്യം കണ്ടെത്താനുള്ള അന്വേഷണം തുടരുന്നത് ബിജെപിയെ ഭയപ്പെടുത്തുകയാണ്. സിപിഎം ജനങ്ങളിൽ നിന്നാണ് തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചതെന്നും എ.വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.