എറണാകുളം: ഒരു കളിപ്പാട്ടം വാങ്ങാൻ പോലും പണമില്ലാതിരുന്ന കാലം. മറ്റ് കുട്ടികളുടെ കൈവശം കളിപ്പാട്ടം കാണുമ്പോൾ അസൂയയോടെ നോക്കി നിന്ന കാലം. വയസ് 39 കഴിഞ്ഞിട്ടും വിജയന് കളിപ്പാട്ടങ്ങളോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല. കൊച്ചി കലൂർ മെട്രോ സ്റ്റേഷന് സമീപത്തെ വീട്ടില്‍ വിജയൻ തിരക്കിലാണ്. ഓട്ടം നിറഞ്ഞ റൈസിങ് കാറുകൾ മുതല്‍ കുട്ടികളുടെ ചെറു കളിപ്പാട്ടങ്ങൾ വരെ വിജയന്‍റെ മുന്നിലുണ്ട്. ആഗ്രഹിച്ച്.. മോഹിച്ച് വാങ്ങുന്ന കളിപ്പാട്ടത്തിന് കേടുപറ്റിയാല്‍ വിജയനെ തേടിയെത്തുന്നവർ നിരവധിയാണ്. ആരെയും നിരാശരാക്കില്ല.
കൂലിപ്പണി ചെയ്‌തിരുന്ന വിജയന്‍ വരുമാനത്തിൽ വലിയൊരു പങ്ക് കളിപ്പാട്ടങ്ങൾ വാങ്ങിക്കൂട്ടാനാണ് ചെലവഴിച്ചിരുന്നത്. തൊഴില്‍ തേടി ഇടുക്കിയില്‍ നിന്നും കൊച്ചിയിലെത്തുമ്പോഴും വിജയന്‍റെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ല. പക്ഷേ 12 വർഷങ്ങൾക്ക് മുൻപ് കളിപ്പാട്ടമായി ഹെലിക്കോപ്‌റ്റർ വാങ്ങിയതാണ് വിജയന്‍റെ ജീവിതം മാറ്റി മറിച്ചത്. പെട്ടെന്ന് തന്നെ ഹെലിക്കോപ്റ്റർ കേടായി. വരുമാനത്തില്‍ നിന്ന് സ്വരുക്കൂട്ടിയ 3000 രൂപ കൊടുത്ത് വാങ്ങിയ യാതൊരു ഗ്യാരണ്ടിയുമില്ലാത്ത കളിപ്പാട്ടത്തിന്‍റെ തകരാർ പരിഹരിക്കാൻ വില്‍പന നടത്തിയ സ്ഥാപനവും തയ്യാറായില്ല. എന്നാൽ തോറ്റ് കൊടുക്കാൻ മനസില്ലാതിരുന്ന വിജയൻ ഹെലികോപ്റ്ററിന്‍റെ കേടുപാട് പരിഹരിച്ച് വീണ്ടും പ്രവർത്തിപ്പിച്ചു. മാത്രമല്ല ഇരുനൂറ് രൂപ ലാഭത്തിൽ സുഹൃത്തിന് വിൽക്കുകയും ചെയ്‌തു.
ഹെലികോപ്റ്റർ നന്നാക്കിയെന്ന് അറിഞ്ഞ കടക്കാരൻ വിജയന് അവിടെയുണ്ടായിരുന്ന പ്രവർത്തിക്കാത്ത രണ്ട് ഹെലികോപ്റ്റർ നന്നാക്കാൻ നൽകുന്നു. അതോടെ കളിപ്പാട്ടങ്ങൾ റിപ്പയർ ചെയ്യുന്ന ജോലിയിലേക്ക് വിജയന്‍ തിരിയുകയായിരുന്നു. പിന്നെ വിജയന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഔപചാരികമായി ഒന്നു പഠിച്ചില്ലെങ്കിലും തന്‍റെ മുന്നിലെത്തുന്ന ഏത് കളിപ്പാട്ടത്തിന്‍റെയും കേടുപാടുകൾ അനായാസം പരിഹരിച്ച് നൽകാൻ വിജയന് കഴിയും. കളിപ്പാട്ടങ്ങളോടുള്ള അതിയായ ഇഷ്‌ടവും ദൈവാനുഗ്രഹവും കൊണ്ടാണ് ഇത് കഴിയുന്നതെന്ന് അദ്ദേഹം പറയുന്നു.