എറണാകുളം: മഹാത്മാഗാന്ധി സർവകലാശാല കലോത്സവ ആരവങ്ങൾക്കിടയിൽ മഹാരാജാസ് കോളജ് പൂർവ വിദ്യാർഥികളായ നദീമിനും കൃപയ്ക്കും വിവാഹം. തങ്ങളുടെ പ്രണയം മൊട്ടിട്ട രാജകീയ കലാലയമായ മഹാരാജാസ് കോളജിലെ മലാഖക്കുളത്തിന് മുന്നിൽ, ഇരുവരും പരസ്‌പരം പുഷപഹാരമണിയിച്ച് ഒരുമിച്ചുള്ള ജീവിതത്തിലേക്ക് പ്രവേശിച്ചു.
കൂട്ടുകാരൊരുക്കിയ വെള്ള ഓർക്കിഡ് പുഷ്‌പങ്ങൾക്കൊണ്ടുള്ള മാലയാണ് ഇരുവരും പരസ്‌പരം അണിയിച്ചത്. എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിന്‍റെ ഉദ്ഘാടന ദിനത്തിൽ ഒത്തുകൂടിയ നൂറ് കണക്കിന് വിദ്യാർഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. തുടർന്ന് നവദമ്പതികൾ മധുരം വിതരണം ചെയ്‌തുകൊണ്ട് വേറിട്ട കല്യാണം കളറാക്കി മാറ്റി.
2014-2017 കാലഘട്ടത്തിൽ മട്ടാഞ്ചേരി സ്വദേശിയായ കെ കെ നദീം മഹാരാജാസ് കോളജിലെ ബിഎസ്‌സി ഫിസിക്‌സ് ബിരുദ വിദ്യാർഥിയായിരുന്നു. ഇതേ കാലയളവിൽ ബി എ ഫിലോസഫി വിദ്യാർഥിയായിരുന്നു പനങ്ങാട് സ്വദേശിനിയായ സി ആർ കൃപ. കോളജിലെത്തിയത് മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
പഠനം പൂർത്തിയാക്കി കോളജ് വിട്ടെങ്കിലും ഇരുവരും സൗഹൃദം തുടർന്നു. ഇത് പിന്നീട് എപ്പോഴോ പ്രണയമായി മാറുകയായിരുന്നുവെന്ന് നദീം പറഞ്ഞു. ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം വീട്ടുകാരെ അറിയിച്ചതോടെ ശക്തമായ എതിർപ്പായിരുന്നു മറുപടി.
വ്യത്യസ്‌ത സമുദായത്തിൽ പെട്ടവരാണെങ്കിലും രണ്ട് പേരും വിശ്വാസികളായിരുന്നില്ല. മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്ത രീതിയിൽ മാനസികമായി അടുത്ത ഇരുവരും എതിർപ്പുകളെ അവഗണിച്ച് ഒന്നാകാൻ തീരുമാനിക്കുകയായിരുന്നു. സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാനുള്ള തിയതി ലഭിച്ചതാകട്ടെ യൂണിവേഴ്‌സിറ്റി കലോത്സവത്തിന് തങ്ങളുടെ സ്വന്തം കോളജ് ആതിഥ്യമരുളുന്ന ദിനത്തിലായെന്നത് യാദൃശ്ചികമാണന്ന് നദീമും കൃപയും പറയുന്നു.
ബുധാനാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മട്ടാഞ്ചേരി രജിസ്റ്റർ ഓഫിസിൽ വിവാഹം രജിസ്റ്റർ ചെയ്‌ത ശേഷം നദീമിന്‍റെ വീട്ടിൽ കൃപയുടെയും നദീമിന്‍റെയും അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചെറിയൊരു വിവാഹ സൽക്കാരം നടന്നു. തുടർന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു മഹാരാജാസ് കോളജിലെത്തി പരസ്‌പരം മാല ചാർത്തി വിവാഹിതരായത്.
പൂത്തോട്ട ശ്രീനാരായണ കോളജിൽ അവസാന വർഷ നിയമ വിദ്യാർഥിയാണ് കൃപ, കാക്കാനാട് ഒരു ഐ ടി സ്ഥാപനത്തിലാണ് നദീം ജോലി ചെയ്യുന്നത്. ഇരുവരും ഉടൻ ദുബൈയിലേക്ക് പോകുമെന്ന് നദീം പറഞ്ഞു.