കൊച്ചി: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒരു കോടി 19 ലക്ഷം രൂപ വിലവരുന്ന 3.75 കിലോ സ്വർണമാണ് യാത്രക്കാരിൽ നിന്നും പിടികൂടിയത്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു.
മിശ്രിത രൂപത്തിൽ കാലിൽ ചുറ്റിയ നിലയിലാണ് മൂന്നേകാൽ കിലോ സ്വർണം മലപ്പുറം സ്വദേശിയായ യാത്രക്കാരൻ കടത്താൻ ശ്രമിച്ചത്. അരകിലോ തൂക്കം വരുന്ന സ്വർണം ക്യാപ്‌സൂളുകളായാണ് കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത്. ഷാർജ, ബെഹറിൻ എന്നിവിടങ്ങളിൽ നിന്നുമാണ് ഇവർ കൊച്ചിയിലെത്തിയത്. പതിവു പരിശോധനക്കിടയിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇന്‍റലിജൻസ് വിഭാഗം രണ്ട് യാത്രക്കാരെയും കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം വഴിയുള്ള സ്വർണക്കടത്ത് തടയുന്നതിനുള്ള കർശന പരിശോധനകൾ തുടങ്ങിയ ശേഷം സ്വർണക്കടത്തുകാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ആശ്രയിക്കുന്നതായാണ് സൂചന. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് യാത്രക്കാരെ സ്വർണവുമായി കസ്റ്റഡിയിലെടുത്തത്. കൊച്ചി വഴിയുള്ള സ്വർണക്കടത്ത് വർധിച്ചതോടെ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗവും പരിശോധന ശക്തമാക്കിയിട്ടുണ്ട്.