എറണാകുളം: കോതമംഗലത്ത് ഭൂതത്താൻകെട്ടിന് സമീപം ജനവാസമേഖലയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. മാർട്ടിൻ മേയ്ക്കമാലിയാണ് രാജവെമ്പാലയെ പിടികൂടിയത്. മാർട്ടിൻ രക്ഷപെടുത്തുന്ന 120-ാമത്തെ രാജവെമ്പാലയാണ് ഇത്. തെക്കേക്കുടിയിൽ ജോസിന്റെ പുരയിടത്തിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ചെറിയ തോട്ടിലൂടെ ചേരയുടെ പുറകെ പോകുന്ന രാജവെമ്പാല നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പിന്നീട് മാളത്തിലൊളിച്ച രാജവെമ്പാലയെ കണ്ടെത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഏഴ് മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവില്‍ രാത്രി പത്ത് മണിയോടെയാണ് രാജവെമ്പാലയെ മാർട്ടിൻ മേയ്ക്കമാലി പിടികൂടിയത്. കറുത്ത ഇനത്തില്‍പ്പെട്ട 12 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് കണ്ടെത്തിയത്. പ്രളയത്തിന് ശേഷം ഈ മേഖലയിൽ നിന്ന് തന്നെ അഞ്ചാമത്തെ രാജവെമ്പാലയെയാണ് പിടികൂടുന്നത്. വെള്ളപ്പൊക്ക മേഖലയിൽ ഉള്ളവർ വീടും പരിസരവും വൃത്തിയാക്കി മുൻ കരുതൽ എടുക്കണമെന്ന് മാർട്ടിൻ പറഞ്ഞു. രാത്രി തന്നെ വനംവകുപ്പ് എത്തി പാമ്പിനെ കരിമ്പാനി വനത്തിൽ തുറന്നുവിട്ടു.