തിരുവനന്തപുരം: സ്കാനിങിലെ പിഴവിനെ തുടർന്ന് പാറശാലയില്‍ ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസർ. സ്കാനിങ് നടത്തിയ സ്വകാര്യ ലാബിനെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്താൻ നിർദ്ദേശം. സംഭവത്തില്‍ തുടർ അന്വേഷണത്തിനും ഉത്തരവ്. ഇടിവി ഭാരത് വാർത്തയെ തുടർന്നാണ് നടപടി. ഇന്ന് രാവിലെയാണ് പാറശാലയില്‍ ഗർഭസ്ഥ ശിശുക്കൾ മരിച്ചത്.
സ്കാനിങിനെ പിഴവിനെ തുടർന്ന് ആശുപത്രിയില്‍ എത്തിക്കാൻ വൈകിയതിനെ തുടർന്നാണ് ദാരുണ സംഭവം. ഇതിനെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാരക്കോണം ചെറിയകൊല്ല സ്വദേശി നിഷയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പാറശ്ശാല താലൂക്ക് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലാബായ വിന്നീസിലായിരുന്നു നിഷ സ്കാനിംഗ് നടത്തിയത്. താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികളെ ഈ ലാബിലേക്കാണ് സ്കാനിങിനായി പറഞ്ഞയക്കുന്നത്.
അഞ്ചാംമാസത്തെ പതിവ് പരിശോധനക്ക് എത്തിയ നിഷയോട് സ്കാനിങിന് ഡോക്ടര്‍ വിന്നീസിലേക്ക് പറഞ്ഞയച്ചു. അമ്മക്കോ കുഞ്ഞിനോ ഒരു കുഴപ്പവും ഇല്ല എന്ന റിസള്‍ട്ടാണ് ലഭിച്ചത്. എന്നാല്‍ വീട്ടിലെത്തിയ ഇവര്‍ക്ക് പിന്നെയും അസ്വസ്ഥത തോന്നുകയും തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തി ഡോക്ടറെ കാണുകയും ചെയ്തു. ഇതേ തുടര്‍ന്ന് എസ് എ ടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എസ് എ ടിയിലെത്തി പരിശോധിച്ചപ്പോഴാണ് നിഷക്ക് ഇരട്ടക്കുട്ടികളാണെന്നും അതിലൊന്ന് മരിച്ചുവെന്നും അറിയുന്നത്. തുടര്‍ന്ന് ചികിത്സക്കിടെ അടുത്ത കുട്ടിയും മരിക്കുകയായിരുന്നു.