ന്യൂഡല്‍ഹി: രണ്ടാം മോദി സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായി വി മുരളീധരൻ ചുമതലയേറ്റു. കേന്ദ്ര മന്ത്രിസഭയിലേക്ക് കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയാണ് വി മുരളീധരൻ. മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് വിദേശകാര്യ മന്ത്രി. മഹാരാഷ്ട്രയിലെ രാജ്യസഭാംഗമാണ് വി മുരളീധരൻ.
എബിവിപി മുൻ അഖിലേന്ത്യ സെക്രട്ടറിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്നു വി മുരളീധരൻ.
1958ൽ തലശ്ശേരി എരഞ്ഞോളിയിൽ ഗോപാലന്‍റെയും ദേവകിയുടെയും മകനായി ജനനം. സ്കൂൾ കാലഘട്ടം മുതൽ എബിവിപിയുടെ സജീവപ്രവർത്തകനായിരുന്നു അദ്ദേഹം. എബിവിപി അഖിലേന്ത്യ സെക്രട്ടറി പദം, എബിവിപി തലശ്ശേരി താലൂക്ക് പ്രസിഡന്‍റ്, കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നിങ്ങനെ നിരവധി ചുമകതലകൾ വി മുരളീധരനെ തേടി എത്തി.
വാജ്പേയി സർക്കാരിന്‍റെ കീഴിൽ നെഹ്രു യുവകേന്ദ്രയുടെ ചെയർമാനും പിന്നീട് ഡയറക്ടർ ജനറലുമായി അദ്ദേഹം സേവനമനുഷ്ടിച്ചു. 2004ൽ ബിജെപിയുടെ എൻജിഒ സെല്ലിന്‍റെ ദേശീയ കൺവീനറായി. പിന്നീട് ആറ് വർഷം അദ്ദേഹം കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചു.
2009ൽ കോഴികേകോട് നിന്ന് ലോക്സഭയിലേക്കും 2016ൽ കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലേക്കും അദ്ദേഹം മത്സരിച്ചു. ദേശീയ നിർവാഹക സമിതി അംഗമായിരുന്ന അദ്ദേഹം 2018ൽ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലെത്തി.