തിരുവനന്തപുരം: ജസ്റ്റിസ് പി കെ ഷംസുദീൻ കമ്മിഷനോട് അനുഭവങ്ങൾ പങ്കുവച്ച് യൂണിവേഴ്‌സിറ്റി കോളജിലെ ചാപ്പകുത്തലിന്‍റെ ഇര എ ആർ നിഷാദ്. 19 വർഷം മുമ്പ് കെഎസ്‌യു നേതാവായിരുന്ന നിഷാദിന്റെ മുതുകിൽ എസ്എഫ്ഐ പ്രവർത്തകർ കത്തികൊണ്ട് വരഞ്ഞ സംഭവം വിവാദമായിരുന്നു. അക്രമ രാഷ്ട്രീയത്തില്‍ നിന്ന് യൂണിവേഴ്‌സിറ്റി കോളജ് ഇന്നും മാറിയിട്ടില്ലെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് നിഷാദ് അഭിപ്രായപ്പെട്ടു. നിലമേല്‍ എന്‍എസ്എസ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കേ 2000 നവംബര്‍ പതിനെട്ടിനാണ് യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂരതക്ക് നിഷാദ് ഇരയായത്. യൂണിയൻ ഉദ്ഘാടനത്തിന് അതിഥികളെ ക്ഷണിക്കാൻ എത്തിയ തന്നെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയും മുതുകിൽ കത്തികൊണ്ട് എസ്എഫ്ഐ എന്ന് ചാപ്പകുത്തുകയുമായിരുന്നുവെന്ന് നിഷാദ് പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കോളജുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ ജസ്റ്റിസ് പി കെ ഷംസുദീൻ അധ്യക്ഷനായ കമ്മിഷൻ രൂപീകരിച്ചത്. തൈക്കാട് ഗാന്ധിഭവനിൽ ഇന്നും നാളെയുമാണ് കമ്മിഷന്‍റെ തെളിവെടുപ്പ്.