തിരുവനന്തപുരം: മലയിൻകീഴിൽ നാലിടത്ത് നടന്ന മോഷണത്തിൽ പണം, കോഴി, ദൃശ്യങ്ങൾ പതിഞ്ഞ ഹാർഡ് ഡിസ്‌ക്ക് എന്നിവ മോഷണം പോയി. അൽഫോൻസമ്മ റെസ്റ്റോറന്‍റ് ആൻഡ് വെജിറ്റബിൾസ്, അച്ചൂസ് ചിക്കൻ കോർണർ, മസ്‌ക്കറ്റ് ബേക്കറി എന്നിവിടങ്ങളിൽ ആണ് കവർച്ച നടന്നത്.
പൂട്ടു പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് മേശയും കബോർഡുകളും കുത്തി തുറന്നാണ് പണം കവർന്നത്. ഇവിടെയെല്ലാം സാധന സാമഗ്രികൾ വലിച്ചു വാരിയിടുകയും ചെയ്തു. ഉടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് വാതിലുകളെല്ലാം പൂട്ടു പൊളിച്ച നിലയിൽ കണ്ടത്.
മലയിന്‍കീഴ് ജംഗ്ഷനിൽ ഉള്ള മസ്‌ക്കറ്റ് ബേക്കറിയിൽ 28000 രൂപയും സി സി ടി വി ക്യാമറയും ഹാർഡ് ഡിസ്‌ക്കുമാണ് കവർന്നത്. മലയിന്‍കീഴ് മുതുവാവിളയിലുള്ള അൽഫോൻസമ്മ റസ്റ്റോറന്‍റില്‍ നിന്നും 15,000 രൂപയും നാലായിരം രൂപയുടെ നാണയ തുട്ടുകളുമാണ് കവർന്നത്. സമീപത്തുള്ള അച്ചൂസ് ചിക്കന്‍കോര്‍ണറില്‍ നിന്നും അയ്യായിരത്തോളം രൂപയും കോഴികളെയും കൊണ്ടുപോയി. കടയുടമകളുടെ പരാതിയിൽ പൊലീസ് എത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
മലയിൻകീഴ് മേപ്പുകടയിൽ കല്യാണി റെസ്റ്റോറന്റിൽ നിന്നും 28000 രൂപയും ചികിത്സ ഭക്ഷണ സഹായങ്ങൾക്കായി സ്വരൂപിച്ച സഹായ ധനം ഉൾപ്പടെയാണ് മോഷണം പോയത്. ക്യാമറകൾ ദിശ തിരിക്കുകയും ഒപ്പം ഹാർഡ് ഡിസ്‌ക്ക് ഇളക്കി കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഹാർഡ് ഡിസ്‌ക്ക് ഉൾപ്പടെ കവർച്ച ചെയ്യുന്നതിനാൽ പൊലീസിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്
.