തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാല നിർമ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണെന്നും അഴിമതി നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പാലത്തിന്‍റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം നല്‍കിയ കിറ്റ് കോ നടത്തിയ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിലെ അഴിമതികൾ സംബന്ധിച്ച് 2015ൽ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട്, അന്ന് ഭരണത്തിലുണ്ടായിരുന്ന യുഡിഎഫ് സർക്കാർ കണക്കിലെടുത്തില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്ന് നടപടിയെടുക്കാത്തതിന്‍റെ പരിണിതഫലമാണ് പാലാരിവട്ടം മേല്‍പാലത്തിന്‍റെ കാര്യത്തിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.